പാലക്കാട്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാട്ടുപാടി ജയിച്ച സ്ഥാനാര്‍ത്ഥിയാണ് ആലത്തൂരിലെ രമ്യ ഹരിദാസ്. സിപിഎം കോട്ടയില്‍ ഏവരേയും ഞെട്ടിച്ച് അത്ഭുതവിജയം നേടാന്‍ ഈ യുവ വനിതാ നേതാവിന് സാധിച്ചു.
ഇത്തവണയും രമ്യ തന്നെയാണ് ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. എതിരാളി സംസ്ഥാന മന്ത്രിയും സിപിഎം നേതാവുമായ കെ രാധാകൃഷ്ണനും.
രാധാകൃഷ്ണന് സ്ഥാനാര്‍ത്ഥിയായതോടെ രമ്യ ഹരിദാസിന്റെ ജയസാധ്യതയ്ക്കും മങ്ങലേറ്റിറ്റുണ്ട്.
എതിരാളി കരുത്തനായതോടെ പാട്ടുംപാടി ജയിക്കാന്‍ ഇക്കുറി കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. ഇതേതുടര്‍ന്ന് രാധാകൃഷ്ണനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം വേണമെന്നാണ് നേതൃത്വം രമ്യയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി പാട്ടുപാടരുതെന്നും ഉപദേശിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ രമ്യ സ്വീകരണ വേദികളില്‍ പാട്ട് പാടിയതുമില്ല. ആളുകള്‍ ആവശ്യപ്പെട്ടാല്‍ പോലും പാട്ട് പാടരുതെന്നും ഇത് ജയസാധ്യതയെ ബാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.