പത്തനംതിട്ട: ശബരിമല കാടുകളിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല, നമ്പൻപാറ കോട്ട ഭാഗങ്ങളില്‍ കാട്ടു തീ പടരുന്നു.
ശബരിമല റോഡിന്റെ വശങ്ങളിൽ തീ കത്തിയത് തീർത്ഥാടകർക്കും ഭീഷണിയാണ്. റോഡരികിലെ കത്തിക്കരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണാൽ അതും അപകടം ക്ഷണിച്ചു വരുത്തും. അടിക്കാടുകൾ ഉണങ്ങി കിടക്കുന്നത് കാരണം തീ പടരുകയാണ്. ഫയർ ഫോഴ്സ് എത്തിയെങ്കിലും അവർക്കും കൂടുതൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
എല്ലാ വർഷവും വനം വകുപ്പ് വേണ്ട മുൻകരുതൽ എടുക്കുന്നുണ്ടെങ്കിലും ഇത്തവണ പാളിയെന്നാണ് സൂചന. സാമൂഹ്യ വിരുദ്ധരുടെ വനത്തിലേക്കുള്ള കടന്നുകയറ്റം വേനല്‍ സമയത്ത് നിയന്ത്രിച്ചാൽ മാത്രമേ ഇതിന് തടയിടാൻ സാധിക്കൂ. ശബരിമല പൂങ്കാവനത്തിലെ തീ ഉടൻ നിയന്ത്രിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു.