പത്തനംതിട്ട: കാത്തുകാത്തിരുന്ന് ലഭിച്ച വേനൽ മഴയിൽ പത്തനംതിട്ടയിൽ ഒരു ജീവൻ പൊലിഞ്ഞു
കനത്ത മഴയിൽ കൂറ്റൻ പാറ അടർന്നു വീടിനു മുകളിൽ പതിച്ചുണ്ടായ അപകടത്തിൽ ആങ്ങമൂഴി മംഗളവിളയിൽ പത്മകുമാരി (52) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീടിനു സമീപമുള്ള കുന്നിൻ മുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടു വന്നു വീടിനു മുകളിൽക്കൂടി അടുക്കള ഭാഗത്തു പതിക്കുകയായിരുന്നു.
20 മീറ്റർ ഉയരത്തിൽ നിന്നുമാണ് പാറക്കല്ല് വീടിന്റെ അടുക്കള ഭാഗത്തേക്ക് ശക്തമായി പതിച്ചത്.കനത്ത മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ഇന്നലെ ലഭിച്ചത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.