പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കൂടുതൽ ആനുകൂല്യങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിക്കും ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാനും കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചു. 14.2 കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിനുള്ള 300 രൂപ സബ്സിഡിയാണ് 2025 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2023 ഒക്ടോബറിലാണ് പാവപ്പെട്ടവര്‍ക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ സബ്സിഡി 300 രൂപയാക്കിയത്.
പുതിയ തീരുമാനപ്രകാരം സര്‍ക്കാരിന് 12,000 കോടി രൂപ അധികമായി ചെലവാകും. 10 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിക്കുക. നാല് ശതമാനമാണ് ഡി.എ വര്‍ധിപ്പിച്ചത്. നിലവില്‍ 46 ശതമാനമായ ഡി.എ. ഇതോടെ 50 ശതമാനമായി വര്‍ധിച്ചു.
കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡി.എ. വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 12,868.72 കോടി രൂപയാണ് അധികമായി ചെലവാകുക. 49.18 ലക്ഷം ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഡി.എ. വര്‍ധിപ്പിച്ചത്.