റാഞ്ചി: ഝാര്‍ഖണ്ഡില്‍ സ്റ്റേജ് കലാകരിയെ മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പലാമു ജില്ലയിലാണ് സംഭവം. രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. രക്ഷപ്പെട്ട 21 കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. താന്‍ ഛത്തീസ്ഗഢ് സ്വദേശിയാണെന്നും ഒരു ഓര്‍ക്കസ്ട്ര പരിപാടിയില്‍ പങ്കെടുക്കാന്‍ പലാമുവില്‍ എത്തിയതാണെന്നും അതിജീവിത പൊലീസിനോട് പറഞ്ഞു.
പ്രതികളിലൊരാളായ ഗോലു പലാമുവില്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പ് നടത്തുന്നുണ്ട്. ശനിയാഴ്ച ഒരു വിവാഹ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ അതിജീവിതയെയും സഹോദരിയെയും വിളിച്ചിരുന്നു. പലാമുവിലെത്തിയപ്പോള്‍ പരിപാടി റദ്ദാക്കിയെന്നു പറഞ്ഞ ഗോലു തന്റെ വീട്ടിലേക്ക് അതിജീവിതയേയും സഹോദരിയേയും കൂട്ടിക്കൊണ്ടുപോയി.
രണ്ട് സഹോദരിമാര്‍ക്കും പ്രത്യേക മുറികളാണ് നല്‍കിയത്. ഇരുവര്‍ക്കും ശീതളം പാനീയം നല്കിയ ഗോലു അതിജീവിതയുടെ പാനിയത്തില്‍ ലഹരി കലര്‍ത്തുകയായിരുന്നു. മദ്യലഹരിയിലായ യുവതിയെ ഗോലുവും മറ്റു രണ്ടുപേരും ചേര്‍ന്ന് ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ ഭര്‍ത്താവിനു മുന്നില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിന്റെ ചൂടാറും മുമ്പാണ് പുതിയ വിവാദം.