മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. ഒപ്പം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും പൊലീസ് കേസെടുത്തു. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മുതദേഹം മോർച്ചറിയിൽ നിന്ന് തട്ടി എടുത്തത് ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ബലം പ്രയോഗിച്ചാണ് പൊലീസ് എംഎൽഎ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബസും ജീപ്പും എറിഞ്ഞു തകർത്തു.
വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയത്. പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി.
ആശുപത്രിയിൽനിന്ന് മൃതദേഹം ബലം പ്രയോഗിച്ച് എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തത്. റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ മറ്റൊരു കേസും എടുത്തിരുന്നു