KeralaNEWS

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം കൈമാറി, മോർച്ചറിയിൽ കയറി മൃതദേഹം വലിച്ചെടുത്തു കൊണ്ടുപോയത് ഗൗരവതരം: മന്ത്രി രാജീവ്

    ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ കൈമാറി. മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റ്യന്‍ എന്നിവര്‍ ആശുപത്രിയിലെത്തിയാണ് ധനസഹായം കൈമാറിയത്. കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ദിര കോതമംഗലം താലൂക്ക് ആശുപത്രിലേയ്ക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

രണ്ടുമാസത്തിനുള്ളില്‍ അഞ്ചാമത്തെ വ്യക്തിയാണ് കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ കൊല്ലപ്പെടുന്നത്. എറണാകുളത്തുനിന്ന് പെരിയാര്‍ വഴി ഇടുക്കിയിലേയ്ക്ക് കടന്ന കാട്ടാനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. ഇതിനിടെ കാട്ടാന നേര്യമംഗലത്തേക്ക് കടന്നു.

Signature-ad

മോർച്ചറിയിൽ കയറി എംഎൽഎയും എംപിയും അടക്കമുള്ളവർ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയ സംഭവം ഗൗരവതരമെന്നും വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതെന്നും മന്ത്രി പി.രാജീവ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ താൽപര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. അന്തരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ പോലും സമരക്കാർക്കൊപ്പം പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര (72) യുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധം സംബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം.

‘‘ആ കുടുംബത്തിനും മറ്റു കാര്യങ്ങൾക്കും പോസ്റ്റ്മോർട്ടം പ്രധാനപ്പെട്ടതാണ്. അവിടെ കയറി മൃതദേഹം എടുത്തുകൊണ്ടു പോവുകയാണ് ചെയ്തത്.   ദേവികുളം, കോതമംഗലം എംഎൽഎമാർ ആശുപത്രിയിൽ ഉണ്ട്. ഇപ്പോഴത്തെ നടപടി വളരെ തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.’’
മന്ത്രി രാജീവ് പറഞ്ഞു.

“തിരഞ്ഞെടുപ്പ് അടുക്കുന്നതു കൊണ്ട് ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോൾ ചെയ്തിരിക്കുന്നത് ഗൗരവകരമായ കാര്യമാണ്…”
മന്ത്രി രാജീവ് പറഞ്ഞു. സമൂഹത്തിനു മുന്നിലുള്ള ഈ പ്രശ്നത്തിൽ സാധ്യമായ വിധത്തിൽ സർക്കാർ ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈകാരികമായി, ചില സ്ഥലങ്ങളിൽ മനുഷ്യർ പ്രതികരിക്കും. എന്നാൽ‍ ഭൗതികശരീരത്തോടുള്ള ആദരവും നിയമവ്യവസ്ഥയോടുള്ള ബഹുമാനവും ഇല്ലാതെയുള്ളതാണ് ഇപ്പോഴത്തെ നടപടി. പോസ്റ്റ്മോർട്ടം നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഒരു എംഎൽഎയും എംപിയും മോർച്ചറിയിലെത്തി മൃതദേഹം അവിടെ നിന്ന് വലിച്ചെടുത്തു കൊണ്ടു പോകുന്നത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ളതാണ്. കുടുംബാംഗങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടി തെറ്റായ കാര്യമാണെന്നു‌ം മന്ത്രി പറഞ്ഞു.

കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് മൃതദേഹവുമായി പ്രതിഷേധമാർച്ച് നടന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ സംഭവത്തില്‍ അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗ്  ശക്തിപെടുത്തുവാനും മുഖ്യ വനം മേധാവിക്ക് വനം മന്ത്രി നിര്‍ദേശം നല്‍കി.

Back to top button
error: