ആൻ്റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്നും യുഡിഎഫിനെ അത് ബാധിക്കുന്ന കാര്യമല്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
വർഗീയതയെ ആളിക്കത്തിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിന് എതിരെയുള്ള ശക്തമായ പോരാട്ടമാണ് ഇന്ത്യ ദേശീയ തലത്തിലും കേരളത്തില്‍ യുഡിഎഫും നടത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതിവർഷം രണ്ടു കോടി ചെറുപ്പക്കാർക്ക് ജോലി കൊടുക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉള്ള ജോലി പോലും ഇല്ലാതാക്കുകയാണ് ചെയ്തത്. കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ല. പെട്രോളും ഡീസലും 35 രൂപയ്ക്കു നല്‍കുമെന്നു പറഞ്ഞു. അതും നടപ്പായില്ല. രാജ്യത്ത് 100 സ്മാർട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ലെന്നും ചെന്നിത്തല വിമർശിച്ചു.
പത്തനംതിട്ട ഉള്‍പ്പെടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വൻ വിജയം നേടുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ നടത്തുകയാണ്. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകില്ല. അടുത്തയാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.