കൊല്ലം: ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ ക്ഷേത്രവഞ്ചികള്‍ മോഷ്ടിച്ചുകടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം.
മൂന്നു വഞ്ചികളാണ് കൊണ്ടുപോയത്.കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങള്‍ക്കു മുന്നിലും വെച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീല്‍ വഞ്ചികളായിരുന്നു ഇവ.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവാവ് സ്കൂട്ടർ കൊടിമരത്തിനുസമീപം നിർത്തുന്നതും തൊഴുന്നതുപോലെ നിന്നശേഷം യുവതി വഞ്ചിയെടുത്ത് ബാഗില്‍ വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
രണ്ടെണ്ണം യുവതിയുടെ ബാഗിലും ഒരെണ്ണം യുവാവിന്റെ പക്കലുമായിരുന്നു. പാന്റ്സും ടീഷർട്ടുമിട്ട യുവതി മാസ്ക് ധരിച്ചിരുന്നു. ക്യാമറയില്‍ പെടാതിരിക്കാൻ കൈകൊണ്ട് മുഖം മറച്ചായിരുന്നു മോഷണം
5000 രൂപയോളം വഞ്ചിയില്‍ ഉണ്ടാകാമെന്നാണ് ഭരണസമിതി പോലീസില്‍ നല്കിയ മൊഴി.പത്തനംതിട്ട ജില്ലയില്‍ സമാനമായ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇവർ തന്നെയാണോ അതോ ഇവരുടെ സംഘങ്ങളാണോ മോഷണത്തിനു പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.