തിരുവനന്തപുരം/ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സ് ആരംഭകാലം മുതല്‍ നടത്തിയ മുഴുവന്‍ ഇടപാടുകളും കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ അന്വേഷിക്കുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് എസ്എഫ്ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളില്‍നിന്നും ചെയ്യാത്ത സേവനത്തിനു വന്‍ തുകകള്‍ കൈപ്പറ്റിയെന്നാണ് ആരോപണം.
എക്സാലോജിക് വിവിധ സന്നദ്ധസംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക് രേഖകളില്‍ കാണുന്നുവെന്നും പണം തന്നവരുടെ പേര്, തുക, കമ്പനിക്ക് അവരുമായുള്ള ബന്ധം എന്നീ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും കര്‍ണാടക ഹൈക്കോടതിക്കു നല്കിയ രേഖകളില്‍ എസ്എഫ്ഐഒ ചൂണ്ടിക്കാട്ടിയിരുന്നു.
സിഎംഎല്‍എല്‍ ഉടമ ശശിധരന് കര്‍ത്താ എംഡിയായിട്ടുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സില്‍നിന്ന് എക്സാലോജിക് 2015-19 ല്‍ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും ഈ രേഖകളിലുണ്ട്. 2016-17 ല്‍ നല്കിയ 37.36 ലക്ഷം രൂപയില്‍ 25 ലക്ഷമേ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് രേഖകളിലുള്ളൂ. ബാക്കി 12.36 ലക്ഷം രൂപ പണമായോ ചെക്കായോ ഓണ്‍ലൈന്‍ ബാങ്കിങ് മുഖേനയോ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതറിയിക്കാന്‍ നിര്‍ദേശിച്ചെങ്കിലും മറുപടിയുണ്ടായില്ല.