IndiaNEWS

ബിജെപിക്ക് കനത്ത തിരിച്ചടി; ഇത് സിപിഐഎം വിജയം 

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയ സുപ്രിം കോടതി വിധി സത്യത്തിൽ ബിജെപിക്കാണ് ഏറ്റവും കൂടുതൽ പ്രഹരം ഏൽപ്പിച്ചത്.കാരണം ഇലക്ടറല്‍ ബോണ്ടുകളുടെ യഥാർഥ പ്രായോജകർ ബിജെപിയായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
2017-18 മുതല്‍ 2021-22 വരെ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ പണമുണ്ടാക്കിയ പാർട്ടി ബിജെപിയാണ്- 5271.97 കോടി. ഇക്കാലയളവില്‍ കോണ്‍ഗ്രസിന് കിട്ടിയത് 952.29 കോടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 767.88 കോടിയും ബിജു ജനതാദളിന് 622 കോടിയും ലഭിച്ചു. ഡിഎംകെ 431.50 കോടി, എൻസിപി 51.15 കോടി, എഎപി 48.83 കോടി, ജെഡിയു 24.4 കോടി എന്നിങ്ങനെയാണ് മറ്റു പാർട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്കുകള്‍.
ഭരണഘടനാ വിരുദ്ധവും വിവരാവകാശ നിഷേധവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയത്. പദ്ധതി നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമം, ആദായനികുതി വകുപ്പ് നിയമം, കമ്ബനീസ് ആക്‌ട് തുടങ്ങിയവയില്‍ സർക്കാർ കൊണ്ടുവന്ന ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നുമായിരുന്നു സുപ്രീംകോടതി വിധി. അതോടൊപ്പം 2019മുതലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി.2019 ഏപ്രില്‍ 12 മുതലുള്ള ബോണ്ടുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് എസ്ബിഐയോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്ത് സിപിഐഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ഡോ. ജയാ താക്കൂറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിപിഐഎം ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Back to top button
error: