സ്‌നേഹം നിസ്വാര്‍ത്ഥമാവണം, അപ്പോഴാണ് അപരന്റെ വേദന സ്വന്തം വേദനയായി മാറുന്നത്
വെളിച്ചം
പാരീസിലെ തെരുവിലൂടെ ഒരു കവി നടന്നുപോവുകയായിരുന്നു. കണ്ണിനുകാഴ്ചയില്ലാത്ത ഒരാള്‍ വഴിയില്‍ നിന്നും യാചിക്കുന്നു. അയാള്‍ക്ക് എന്തെങ്കിലും കൊടുക്കുവാന്‍ വേണ്ടി അദ്ദേഹം സ്വന്തം പോക്കറ്റില്‍ പരതി. കാശൊന്നും ഉണ്ടായിരുന്നില്ല. കവി ഒരു കടലാസ്സ് എടുത്ത് ഇങ്ങനെ എഴുതി:
“നാളെ വസന്തകാലം ആരംഭിക്കും. അതുകാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യമില്ല.”
ഈ കവിവാക്യം ആ വഴി നടന്നുപോയവരൊക്കെ വായിച്ചു. വായിച്ചവരെല്ലാം ആ യാചകന്റെ പാത്രത്തില്‍ നാണയങ്ങള്‍ ഇട്ടു. നിമിഷനേരം കൊണ്ട് പാത്രം നിറഞ്ഞു.
നാം പലരേയും മനസ്സിലാക്കിയെന്ന് കരുതുകയും പറയുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ നാം അവരെ എത്ര ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്…? ഒരാളെ മനസ്സിലാക്കുമ്പോള്‍ അത് നിര്‍ജ്ജീവമായ ഒരു അറിവ് മാത്രമായി മാറിപ്പോകരുത്.
സുഖദുഃഖങ്ങളോട് കൂടിവേണം ഒരു വ്യക്തിയെ മനസ്സിലാക്കാന്‍.
സ്‌നേഹം നിസ്വാര്‍ത്ഥമാകുമ്പോള്‍ മാത്രമാണ് അപരന്റെ വേദന തന്റെ കൂടി ആയി മാറുകയുള്ളൂ. സ്‌നേഹത്തിലൂടെ നമുക്ക് യഥാര്‍ത്ഥപുരോഗതി കണ്ടെത്താന്‍ ശ്രമിക്കാം.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ