സമൂഹത്തെ വിഭജിക്കാനും, വര്‍ഗീയ ചിന്ത ഉണര്‍ത്താനുമാണ് അണ്ണാമലൈ ശ്രമിച്ചതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ പറഞ്ഞു. വിദ്വേഷ പരാമര്‍ശമുള്ള ആറ് മിനിട്ട് വീഡിയോ മാത്രമാണ് ബി.ജെ.പി ട്വിറ്ററില്‍ പങ്കുവെച്ചത്. 45 മിനിട്ടുള്ള അഭിമുഖത്തിലെ മറ്റ് ഭാഗങ്ങള്‍ ഒഴിവാക്കിയതിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
‘ദീപാവലിക്ക് രണ്ട് ദിവസം മുമ്ബാണ് അഭിമുഖം പുറത്ത് വന്നത്. ക്രിസ്ത്യാനികള്‍ ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണത്തിന് ശ്രമിച്ചു.സമൂഹത്തെ വിഭജിക്കാനും വര്‍ഗീയചിന്ത ഉണര്‍ത്താനുമാണ് ശ്രമിച്ചത്.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ബിജെപി നേതാവിന് നിയമം അറിയാവുന്നതാണ്. വിദ്വേഷപരാമര്‍ശം കാരണം ഉടന്‍ സംഘര്‍ഷം ഉണ്ടായോ എന്നല്ല നോക്കേണ്ടത്. ലക്ഷ്യം വെച്ചയാളുകളുടെ ചിന്താഗതിയിലെ മാറ്റവും കണക്കിലെടുക്കണം. ഇത് പിന്നീട് അക്രമത്തിലേക്കും വംശഹത്യയിലേക്കും വരെ നയിച്ചേക്കാം. പരാമര്‍ശങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന നിലയില്‍ ട്വിറ്ററില്‍ നിലനിര്‍ത്തുകയും ചെയ്തു,’ കോടതി പറഞ്ഞു.
മാത്രമല്ല മൈതാനപ്രസംഗത്തേക്കാള്‍ അപകടകരമാണ് സോഷ്യല്‍ മീഡിയയിലെ വീഡിയോകളെന്നും മതത്തെ കലഹത്തിനുള്ള ഉപാധിയാക്കിയാല്‍ രാജ്യത്തിന്റെ മതേതരഘടന തകരുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി.