കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്കു സ്വകാര്യ കാര്‍ കയറി, വന്‍ സുരക്ഷാ വീഴ്ച. കാര്‍ ഓടിച്ചു തടസ്സം സൃഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിഴ മാത്രം അടപ്പിച്ചു വിട്ടയച്ചു. ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോള്‍ മാവൂര്‍ റോഡിലാണ് സംഭവം. ജില്ലയിലെ സിപിഎം നേതാവിന്റെ മകന് ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്.
മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്ഷനിലാണ് സംഭവം. ഗവര്‍ണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാര്‍ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിര്‍ത്തി പൊലീസുകാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയര്‍ത്തു. കാര്‍ പിറകോട്ട് എടുക്കാന്‍ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാന്‍ ശ്രമിച്ചു.
ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനോടു ആവശ്യപ്പെട്ടു. തുടര്‍ന്നു കാര്‍ പിറകിലേക്കു മാറ്റിയാണ് ഗവര്‍ണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്.
യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനില്‍ എത്തിച്ചു. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്. ഒടുവില്‍ യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു. പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ഡപ്യൂട്ടി കമ്മിഷണര്‍ അനൂപ് പലിവാള്‍ പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാര്‍ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.