13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. 125 ബോംബുകള്‍ വർഷിച്ചു.
ഇന്ന് പുലർച്ചെയൊണ് യു.എസ് പോർവിമാനങ്ങളുടെ ആക്രമണം നടന്നത്. സിറിയയിലും ഇറാഖ് അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. അയ്യാശ് നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങള്‍ കൂടിയാണിത്.
ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഇന്നലെ പകലാണ് അനുമതി നല്‍കിയത്. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണത്തിനും തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും ബൈഡൻ പ്രസ്താവിച്ചു.
അതേസമയം ആക്രമണത്തെ കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാല്‍, തങ്ങളെ ഭീഷണിപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവർക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഇന്നലെ പറഞ്ഞിരുന്നു.
ജോർഡനിലെ യു.എസ് സൈനിക ക്യാമ്ബിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതിനിടെ യുദ്ധം അവസാനിപ്പിച്ച് ഇസ്രായേല്‍ സൈന്യം ഗസ്സയില്‍നിന്ന് പൂർണമായി പിൻവാങ്ങുമെന്ന് മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ ലബനാനിലെ ബൈറൂത്തില്‍ പ്രതികരിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയില്‍ വെടിനിർത്തല്‍ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം.
യുദ്ധമാരംഭിച്ച ശേഷം ഗാസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,131 ആയി. 66,287 പേർക്ക് പരിക്കേറ്റു. ഇതിനിടെയാണ് ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയില്‍ വെടിനിർത്തല്‍ ചർച്ച പുരോഗമിക്കുന്നത്.എന്നാല്‍, ബന്ദികള്‍ സ്വതന്ത്രമായാല്‍ ഇസ്രായേല്‍ വീണ്ടും ക്രൂരമായ ആക്രമണം നടത്തുമെന്നും ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുമെന്നും ഹമാസ് കരുതുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര കരാറിന്റെ പിൻബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ വഴങ്ങൂ എന്നാണ് അവരുടെ നിലപാട്.