KeralaNEWS

മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മ മരിച്ച സംഭവം, മകളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു; കേരള ബാങ്ക് ജീവനക്കാരനായ മകനെതിരെയുള്ള നടപടി  പൊലീസ്  റിപ്പോര്‍ട്ട് ലഭിച്ച ശേഷം 

   കുമളി അട്ടപ്പള്ളത്ത് മക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ച സംഭവത്തില്‍ മകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകള്‍ സിജിയെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനാണ് മകന്‍ സജിമോൻ. ഈ വിഷയത്തില്‍ കേരള ബാങ്ക്  പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനു ശേഷമായിരിക്കും മകനെതിരെ നടപടി സ്വീകരിക്കുക.

അന്നക്കുട്ടി മാത്യുവിന്റെ  സംസ്കാരം കഴിഞ്ഞതിനു പിന്നാലെ മക്കളായ സജി, സിജി എന്നിവർക്കെതിരെ പൊലീസ്  കേസെടുത്തിരുന്നു.

Signature-ad

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് പഞ്ചായത്തില്‍ നിന്നുള്ള നടപടി.

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന മൈലക്കല്‍ അന്നക്കുട്ടി മാത്യുവാണ് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനും മക്കള്‍ എത്തിയില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കുമളിയിലെത്തിച്ച് സംസ്‌കാരം നടത്തിയത്.

നരകയാതന അനുഭവിച്ച് ദിവസങ്ങളോളം അന്നക്കുട്ടി മാത്യു വാടക വീട്ടില്‍ കിടന്നെങ്കിലും മക്കളാരും തിരിഞ്ഞുനോക്കിയില്ല. മകനെ വിളിച്ചുവരുത്തിയെങ്കിലും വളര്‍ത്തു നായയെ നോക്കാനാളില്ല എന്ന കാരണം പറഞ്ഞ് തിരികെപ്പോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ അന്നക്കുട്ടി മാത്യു മരിച്ചു.

Back to top button
error: