KeralaNEWS

അദ്ധ്യാപകൻ്റെ കൈവെട്ടിയ കേസ്, ഒന്നാം പ്രതി സവാദിന്റെ ബന്ധുക്കളെയും വിവാഹം നടത്തിയ ആരാധനാലയ ഭാരവാഹികളെയും എന്‍ഐഎ ചോദ്യം ചെയ്തു

    പ്രൊ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് 13 വര്‍ഷം ഒളിവുജീവിതം നയിച്ചതുമായി ബന്ധപ്പെട്ട് എന്‍ഐഎ വിശദമായ അന്വേഷണത്തിന്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരത്തെത്തിയ എന്‍ഐഎ സംഘം സവാദിന്റെ ഭാര്യ ഖദീജ, ഭാര്യാപിതാവ് അബ്ദുർ റഹ്‌മാൻ, സവാദിന്റെയും ഖദീജയുടെയും വിവാഹം നടത്തികൊടുത്ത പള്ളി കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ ചോദ്യം ചെയ്തു. കൂടുതല്‍ മൊഴിയെടുക്കാനായി ഇന്ന് (വ്യാഴം) കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

  തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി ഒരു സംഘം വെട്ടിമാറ്റിയത് 2010 ജൂലൈ നാലിനാണ്. ഈ കേസില്‍ ഒന്നാം പ്രതിയാണ് സവാദിനെ 13 വര്‍ഷമായി ഒളിവുജീവിതത്തിനൊടുവിൽ രണ്ടാഴ്ച മുമ്പാണ് കണ്ണൂര്‍ മട്ടന്നൂരിലെ വാടക വീട്ടില്‍ വെച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.

ഉള്ളാള്‍, വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു സവാദ്. 2016-ലാണ് ഖദീജയുമായുള്ള സവാദിന്റെ വിവാഹം നടന്നത്. ദക്ഷിണ കന്നഡയിലെ ഒരു പള്ളിയിൽ വച്ചാണ് സവാദുമായി പരിചയപ്പെട്ടതെന്നും അനാഥനാണെന്ന് പറഞ്ഞതുകൊണ്ടാണ് മകളെ വിവാഹം ചെയ്തുകൊടുത്തത് എന്നുമാണ് അബ്ദുർ റഹ്‌മാൻ എന്‍ഐഎയ്ക്ക്  നല്‍കിയ മൊഴി.

പിതാവിന്റെ നിര്‍ബന്ധപ്രകാരമാണ് സവാദിനെ വിവാഹം കഴിച്ചതെന്നാണ് ഖദീജയുടെ മൊഴി. ഇവര്‍ക്ക് ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വീടെടുക്കാന്‍ എഗ്രിമെന്റില്‍ എല്ലായിടത്തും ഭാര്യയുടെ ആധാര്‍കാര്‍ഡും വിലാസവുമാണ് സവാദ് നല്‍കി വന്നത്. ഷാജഹാന്‍ എന്നാണ് സവാദ് എല്ലായിടത്തും പേര് നല്‍കിയിരുന്നത്. വിവാഹ സമയത്തും സവാദ് ഷാജഹാന്‍ എന്ന പേരാണ് പള്ളി കമ്മിറ്റിക്കു നൽകിയത്. പിതാവിന്റെ പേര് കെ പി ഉമ്മര്‍ എന്നാണ് നല്‍കിയിരുന്നത്.
സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

അയല്‍ക്കാരുമായി അധികം ബന്ധപ്പെടാതെ ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു സവാദിന്റേതെന്നും ഇടക്കിടെ വാടക വീട് മാറിക്കൊണ്ടിരുന്നതായും അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നു. വിവാഹശേഷം സവാദിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഭാര്യയോടും വീട്ടുകാരോടും എന്‍ഐഎ ചോദിച്ചറിഞ്ഞിരുന്നു.

മട്ടന്നൂരിലെ വീട്ടില്‍ സവാദിനെ  കാണാന്‍ രണ്ടുപേര്‍ വന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ വന്നവര്‍ സ്ഥലം വാങ്ങാനെത്തിയവര്‍ ആണെന്നാണ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്.

എറണാകുളം സബ് ജയിലിലായിരുന്ന സവാദിനെ തിരിച്ചറിയല്‍ പരേഡില്‍ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞിരുന്നു.

Back to top button
error: