ഇതിനുമുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പിന്തുണച്ച പ്രകാശിന് വോട്ടുചെയ്തതിന് ബി.ജെ.പി. അംഗങ്ങളായ മന്ദിരം രവീന്ദ്രനെയും എ.എസ്.വിനോദിനെയും പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയിരുന്നു. എ.എസ്.വിനോദ് പിന്നീട് മെമ്പർസ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
പുതുശ്ശേരിമലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പായതോടെ പ്രകാശ് പ്രസിഡന്റുസ്ഥാനം രാജിവെയ്ക്കുകയായിരുന്നു. 13 അംഗ ഭരണസമിതിയിൽ നാല് കോൺഗ്രസ് അംഗങ്ങളുടേതൊഴികെ എല്ലാവരുടെയും വോട്ട് പ്രകാശിനാണ് ലഭിച്ചത്. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ മിനിമോൾക്ക് നാല് വോട്ടാണ് ലഭിച്ചത്.
എൽ.ഡി.എഫിലെ ഗീതാ സുരേഷാണ് പ്രകാശിന്റെ പേര് നിർദേശിച്ചത്. സന്ധ്യാദേവി പിൻതാങ്ങി. ആറ് എൽ.ഡി.എഫ്. അംഗങ്ങൾ, ബി.ജെ.പി.സ്ഥാനാർഥിയായി മത്സരിച്ചുവിജയിച്ച മന്ദിരം രവീന്ദ്രൻ, യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സച്ചിൻ വയല എന്നിവരുടെ വോട്ടുകൾ പ്രകാശിന് ലഭിച്ചു.