തിങ്കളാഴ്ച രാവിലെ 11ഓടെ തുടങ്ങി ഏകദേശം നാലു മണിക്കൂർ നീണ്ട ‘പ്രകടന’ത്തില്‍ ‘അയോധ്യ പ്രസ്ഥാന’ത്തിന്റെ നേതാക്കള്‍വരെ അദൃശ്യരായി.അയോധ്യ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുൻ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ, മഹന്ത് ധരം ദാസ് തുടങ്ങിയ സംഘ്പരിവാർ നേതാക്കളെക്കുറിച്ച് ഒരക്ഷരം മോദി സംസാരിച്ചതുമില്ല.
എണ്ണായിരത്തിലധികം വി.വി.ഐ.പികളും ലക്ഷക്കണക്കിന് ഭക്തജനങ്ങളും തടിച്ചുകൂടിയ, ‘ജയ് ശ്രീറാം’ വിളികളാല്‍ മുഖരിതമായ ചടങ്ങ് അക്ഷരാർഥത്തില്‍ മോദി കൈയടക്കിയെന്ന് പറയാം.
രാം ലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ മോദി ‘മുഖ്യസാക്ഷി’യായി എത്തിയത് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനൊപ്പമായിരുന്നു. നേരത്തേ, ചടങ്ങിലെ ആചാരലംഘനത്തെച്ചൊല്ലി പ്രമുഖ ശങ്കരാചാര്യന്മാർതന്നെ വിവാദമുയർത്തുകയും ബഹിഷ്കരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, കൂടുതല്‍ വിവാദങ്ങളൊഴിവാക്കാൻ 15 ‘യജമാനന്മാരെ’ ക്ഷേത്രട്രസ്റ്റ് പ്രത്യേകമായി ഒരുക്കിനിർത്തിയിരുന്നു.
ചടങ്ങുമായി ബന്ധപ്പെട്ട പ്രാർഥനകള്‍ക്കും മറ്റും ഇവരായിരുന്നു നേതൃത്വം നല്‍കേണ്ടിയിരുന്നത്. പക്ഷേ, ഇവർക്കൊരവസരം കൂടി നൽകാതെ ഭാഗവതിന്റെ സാന്നിധ്യത്തില്‍ മോദി സർവം കൈയടക്കി.
ചടങ്ങിനുശേഷം, സദസ്സിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലും മോദി തന്റെ ‘ഷോ’ തുടർന്നു. ഇതാദ്യമായി രാമക്ഷേത്രനിർമാണത്തിന് വഴിതുറന്ന ജുഡീഷ്യറിയുടെ ഇടപെടലിനെ അഭിനന്ദിക്കാൻ അദ്ദേഹം തയാറായി എന്നതാണ് എടുത്തുപറയേണ്ട ഒരു കാര്യം.
അതേസമയം, അയോധ്യ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുൻ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ, മഹന്ത് ധരം ദാസ് തുടങ്ങിയ സംഘ്പരിവാർ നേതാക്കളെക്കുറിച്ച് ഒരക്ഷരം സംസാരിച്ചതുമില്ല. ഇവരെയെല്ലാം പരിപാടിയില്‍നിന്ന് മാറ്റിനിർത്തുകയും ചെയ്തു.
അയോധ്യയിലെ ക്ഷേത്രപ്രക്ഷോഭത്തില് അദ്വാനിയെപ്പോലെ ഒരാളുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. 90ല്‍, സോമനാഥില്‍നിന്ന് അയോധ്യയിലേക്ക് അദ്ദേഹം നടത്തിയ രഥയാത്രയാണ് വാസ്തവത്തില്‍ പ്രക്ഷോഭത്തെ ദേശീയതലത്തിലേക്ക് ഉയർത്തിയത്; പ്രത്യേകിച്ച് ബിഹാറില്‍ ലാലു യാത്ര തടയുകയും അദ്വാനി അറസ്റ്റിലാവുകയുമൊക്കെ ചെയ്ത സന്ദർഭത്തില്‍.
അതിനുശേഷം, ഗുജറാത്ത് കലാപാനന്തരം മോദിയെ മുഖ്യമന്ത്രിപദത്തില്നിന്ന് പുറത്താക്കാൻ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ച് മോദിക്ക് ജീവൻ നല്കിയതും ഇതേ അദ്വാനിയാണ്. പക്ഷേ, ചടങ്ങിലൊരിടത്തും ആ പേര് പരാമർശിക്കപ്പെട്ടില്ല.
ബജ്റങ്ദള്‍ നേതാവ് കത്യാറുടെ കാര്യവും തഥൈവ. ബാബരി ധ്വംസനക്കേസിലെ പ്രതിയാണ് കത്യാർ. ക്ഷേത്രപ്രക്ഷോഭത്തില് ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ച ആ നേതാവും ഇന്നലെ അയോധ്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, അദ്ദേഹവും വന്നില്ല; ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നതുതന്നെ കാരണം. അയോധ്യയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ മഹന്ത് ധരം ദാസിന്റെ അസാന്നിധ്യത്തിന്റെ കാരണവും മറ്റൊന്നല്ല.
അതേസമയം രാമസേതുവില്നിന്നാണ് താൻ അയോധ്യയിലെത്തിയതെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.രാവണനെ പരാജയപ്പെടുത്തി രാമൻ ലങ്കയില്‍നിന്ന് അയോധ്യയിലെത്തിയത് രാമസേതുവഴിയാണെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 11 ദിവസങ്ങളില്‍ വ്രതമെടുത്ത് ദക്ഷിണേന്ത്യയില്‍ ക്ഷേത്രങ്ങള്‍ സന്ദർശിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. മോഹൻ ഭാഗവതിനു പുറമെ, സംഘ്പരിവാർ നേതാവായി ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചത് ഗോവിന്ദ് ദേവ് ഗിരി മാത്രമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംസാരം ഊന്നിയത് പ്രാണപ്രതിഷ്ഠ എങ്ങനെയാണ് ത്രേതായുഗത്തെ വീണ്ടെടുക്കുന്നത് എന്ന് വിശദീകരിക്കാനാണ്. ഏറ്റവും രസകരമായ കാര്യം, ഈ സംസാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും കരഘോഷങ്ങള്ക്കുമെല്ലാം പശ്ചാത്തലശബ്ദമായി, ഗാന്ധിയുടെ ഇഷ്ടഗീതമായ ‘രഘുപതി രാഘവ രാജാറാം’ കേള്‍ക്കാമായിരുന്നു എന്നതാണ്.