കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ എത്തിച്ചേരാൻ പറ്റുന്ന ഇടമാണ് അയോധ്യ ശ്രീരാമ ക്ഷേത്രം.എന്നാൽ കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ട് ട്രെയിൻ, വിമാന സർവീസുകള്‍ ഒന്നുംതന്നെ ലഭ്യമല്ല. കേരളത്തില്‍ നിന്നും നേരിട്ട് ട്രെയിനിന് വരുന്നവർക്ക് മങ്കപ്പൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനിലിറങ്ങി വേണം അയോധ്യയിലെത്താൻ.മങ്കപ്പൂരിൽ നിന്നും 37.6 കിലോമീറ്ററാണ് അയോധ്യയിലേക്കുള്ള ദൂരം.
ചൊവ്വാ, ബുധൻ, ഞായർ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും രാവിലെ 6.35 ന് പുറപ്പെടുന്ന കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ(12512) എക്സ്പ്രസ് ട്രെയിൻ 54 മണിക്കൂര്‍ 17 മിനിറ്റ് പിന്നിട്ട്, മൂന്നു ദിവസ യാത്രയ്ക്കൊടുവില്‍ ഉച്ചയ്ക്ക് 12:50 ന് മങ്കപ്പൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. മങ്കപ്പൂർ ജംങ്ഷനില്‍ നിന്ന് ധാരാളം ട്രെയിനുകള്‍ അയോധ്യ ധാം ജംങ്ഷൻ റെയില്‍വേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്നുണ്ട്. ഒരു മണിക്കൂറില്‍ താഴെ മാത്രമേ ഈ യാത്രയ്ക്ക് വേണ്ടിവരികയുള്ളൂ.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ചെന്നൈ സെൻട്രല്‍, വിജയവാഡ, ഖമ്മം, വാറങ്കല്‍, രാമഗുണ്ടം, നാഗ്പൂർ, ഭോപ്പാല്‍, ഝാൻസി, കാണ്‍പൂർ, ലഖ്നൗ, ഗോണ്ട, മങ്കപ്പൂർ, ബസ്തി തുടങ്ങിയവയാണ് ട്രെയിൻ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകള്‍.സ്ലീപ്പർ ക്ലാസില്‍ 995 രൂപയും എസി ത്രീടയറില്‍ 2555 രൂപയും എസി ടൂ ടയറില്‍ 3740 രൂപയും എസി ഫസ്റ്റ് ക്ലാസില്‍ 3740 രൂപയുമാണ് നിരക്ക്.
കേരള എക്സ്പ്രസ്,മംഗള എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകള്‍ക്ക് മധ്യപ്രദേശിലെ ഇറ്റാർസിയില്‍ ഇറങ്ങിയാലും അയോധ്യയിലേക്ക് കണക്ഷൻ ട്രെയിൻ ലഭിക്കുന്നതാണ്.
കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് വിമാനമാർഗ്ഗം പോകാൻ എളുപ്പവഴി കൊച്ചിയില്‍ നിന്നും ലക്നൗവില്‍ എത്തി അവിടുന്ന് പോകുന്നതാണ്. കൊച്ചി-ലക്നൗ വിമാനയാത്രയ്ക്ക് നാലര മണിക്കൂര്‍ മുതല്‍ അഞ്ചര മണിക്കൂര്‍ വരെയാണ് ശരാശരി സമയം എടുക്കുന്നത്. 18,000 രൂപയ്ക്കും 22000 രൂപയ്ക്കും ഇടയിലായാണ് വിമാനടിക്കറ്റ് നിരക്ക്. ലക്നൗവില്‍ നിന്നും അയോധ്യയിലേക്ക് രണ്ടരമണിക്കൂറാണ് ദേശീയപാത വഴിയുള്ള യാത്രാ സമയം.