NEWSWorld

അമേരിക്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനോടും ചോദിച്ചു വാങ്ങി ഇറാൻ

പാക്കിസ്ഥാനിലെ ബലൂചിസ്‌ഥാനില്‍ ഇറാന്‍ മിസൈലുകള്‍ പതിക്കുന്നതിനു മണിക്കൂറുകള്‍ മുമ്ബായിരുന്നു ദാവോസിലെ ആ കൂടിക്കാഴ്‌ച. പരസ്‌പരം സൗഹാര്‍ദത്തോടെ സംസാരിച്ചശേഷമാണു പാകിസ്‌താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ഉല്‍ഹഖ്‌ കാക്കറും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബെ്‌ദാല്ലഹിയാനും പിരിഞ്ഞത്‌.

തൊട്ടുപിന്നാലെയുണ്ടായ ഇറാന്‍ ആക്രമണം ദാവോസിലെത്തിയ മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയും ഞെട്ടിച്ചു. നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നതിലെത്തി നില്‍ക്കുകയാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമിപ്പോള്‍.

Signature-ad

ഈ മാസം 16ന്‌ ഗള്‍ഫ്‌, ഹോര്‍മുസ്‌ കടലിടുക്കില്‍ നടന്ന ഏകദിന നാവിക അഭ്യാസത്തിലും ഇരു രാജ്യങ്ങളും പങ്കെടുത്തിരുന്നു.ഇസ്രായേലിനെതിരെ നീങ്ങിയ ഇറാൻ പടക്കപ്പലുകളെ അമേരിക്ക പൂട്ടിയതോടെയായിരുന്നു ഇത്.

900 കിലോമീറ്റര്‍ അതിര്‍ത്തിയാണ്‌ ഇരു രാജ്യങ്ങളും പങ്കിടുന്നത്‌. സായുധ സംഘങ്ങള്‍ക്ക്‌ അഭയം നല്‍കുന്നുവെന്ന്‌ അവര്‍ പരസ്‌പരം ആരോപിക്കുന്നു.
വിഭജനം ആവശ്യപ്പെടുന്ന ബലൂച്‌ വിമതരുടെ പ്രക്ഷോഭത്തെ പതിറ്റാണ്ടുകളായി പാകിസ്‌താന്‍ നേരിടുന്നു. സുന്നി സായുധ ഗ്രൂപ്പായ ജെയ്‌ഷ്‌ അല്‍ അദലാണു പാകിസ്‌താന്‍ കേന്ദ്രീകരിച്ച്‌ ഇറാനെ ആക്രമിക്കുന്നത്‌.
എന്നാല്‍, സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഇറാനെതിരായ പോരാട്ടം പാകിസ്‌താന്‌ നഷ്‌ടക്കച്ചവടമല്ല. ഇറാനെതിരേ നീങ്ങാന്‍ യു.എസ്‌. സഹായം ലഭിക്കുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുന്നു. സൗദി തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും അവര്‍ ആഗ്രഹിക്കുന്നു.

പാകിസ്‌താനും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. വിഭവങ്ങള്‍ പരിമിതമായ പാകിസ്‌താന്‌ ഇറാനെതിരേയുള്ള നീക്കങ്ങള്‍ പണം സംഭരിക്കാനുള്ള വഴികൂടിയാണ്. തുടക്കകാലത്ത്‌ യു.എസിന്റെ ഉറ്റമിത്രമായിരുന്നു പാകിസ്‌താന്‍. യു.എസിനുവേണ്ടിക്കൂടിയായിരുന്നു ഏറ്റുമുട്ടലുകള്‍. പാക്‌-യു.എസ്‌. ബന്ധം മോശമായെങ്കിലും ഇറാനുമായുള്ള പാകിസ്‌താന്റെ ബന്ധം മെച്ചപ്പെട്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം. ദുര്‍ബലമായ പാക്‌ ഭരണകൂടത്തിനു ഭീകരരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന യാഥാര്‍ഥ്യവുമുണ്ട്‌.

കഴിഞ്ഞ ദിവസമാണ് ഇറാൻ പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങളിലാണ്‌ മിസൈല്‍ പതിച്ചത്.

ഇറാന്‍റെ അര്‍ധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാര്‍ഡിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം.ഇറാനെതിരേ പാക്കിസ്ഥാനിലെ ഭീകര സംഘടന നടത്തുന്ന നീക്കങ്ങളാണ്‌ ഈ ആക്രമണത്തിനു കാരണം.

ഇതിന് പിന്നാലെ  പാകിസ്താന്‍ തിരിച്ചടിക്കുകയായിരുന്നു.ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു പാകിസ്താന്റെ പ്രത്യാക്രമണം.

2012 ല്‍ രൂപീകരിച്ച്‌ പാകിസ്ഥാനിലും ഇറാനിലുമായി പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അല്‍ ആദുല്‍. ഇറാന്‍റെ സിസ്റ്റാനിലും ബലൂചിസ്ഥാനിലുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.ഷിയാ മുസ്‌ലീം രാജ്യമായ ഇറാനെതിരെ പോരാടി മേഖലയില്‍ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

അതേസമയം മിര്‍ജാവെയില്‍ 10 ഇറാനിയൻ അതിര്‍ത്തി ഗാര്‍ഡുകളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയെ്‌ഷ അല്‍ അദ്‌ല്‍ ഏറ്റെടുത്തു.

അടുത്തിടെയാണ് ഇറാനിൽ ഭീകരാക്രമണത്തില്‍ 103 പേർ കൊല്ലപ്പെട്ടത്.ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് മുൻ കമാൻഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.

കെര്‍മാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാൻ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോഴാണ് ഭീകരര്‍ റിമോര്‍ട്ട് ഉപയോഗിച്ച്‌ സ്ഫോടനം നടത്തിയത്.

2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനിയെയും ഇറാഖ് അര്‍ധസൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡര്‍ അബൂ മഹ്ദി അല്‍-മുഹന്ദിസിനെയും യു.എസ് സൈന്യം വധിച്ചത്.

അടുത്തിടെ ഇറാന്റെ സൈനിക ഉപദേഷ്ടാവിനെ സിറിയയില്‍ വെച്ച്‌ ഇസ്രയേലും കൊലപ്പെടുത്തിയിരുന്നു.

Back to top button
error: