Social MediaTRENDING

രാമക്ഷേത്രം  ‘തിരിച്ചുപിടിച്ച’ അവസ്ഥയിൽ ബുദ്ധമതത്തിന്റെ പള്ളികൾ അവർക്ക് തിരിച്ചു നൽകുമോ.? ? ?      

ന്ത്യയിൽ ഏറ്റവും കൂടുതൽ നശിപ്പിക്കപ്പെട്ട ആരാധനാലങ്ങൾ ആരുടേതായിരുന്നു? ആരായിരുന്നു ആ നശിപ്പിക്കലിന് പിന്നിൽ?
  ഇതിന് ഉത്തരമായി നൽകാൻ കഴിയുക തലയും കൈകാലുകളും വെട്ടിമാറ്റിയ പതിനായിരക്കണക്കിന് ബുദ്ധപ്രതിമകളാണ്.ഒപ്പം  നിരവധി ജൈനമത സ്ഥാപനങ്ങളുമുണ്ട്.ഇന്ത്യയിൽ ആദ്യമായി രൂപംകൊണ്ട ഈ സംഘടിത മതങ്ങളെ ആരാണ് ഇല്ലായ്മ ചെയ്തത് ?
ഡോക്ടർ എ എൽ ബാഷാം പറയുന്നത് ബിസി 200 നും ,എഡി 200 നുമിടയിലെ മൊത്തം മതാവശിഷ്ടങ്ങൾ കൂടിചേർന്നാലും ബുദ്ധമതത്തിൻെറ ഏഴലത്ത് എത്തുകയില്ലെന്നാണ്. ഇന്ന് മതഹിംസകൾ നടത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ പാകിയ ബ്രാഹ്മണിസത്തിൽ നിന്നുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരധനാലയങ്ങളുടെ നശീകരണം തുടങ്ങിയത് എന്നതാണ് വാസ്തവം.
  തിരുപ്പതി,എല്ലോറ ,പൂരി,ബദരീനാഥ്,മഥുര,അയോധ്യ,ശൃഗേരി,ബോധഗയ,സാരാനാഥ്,നളന്ദ,ശ്രീശൈലം തുടങ്ങിയ ബുദ്ധവിഹാരങ്ങളും കേരളമടങ്ങുന്ന ദക്ഷിണേന്ത്യയിലെ ഏറെക്കുറെ എല്ലാ  ബുദ്ധ ജൈന മതക്കാരുടെ ആരാധനാലയങ്ങളും  തകർത്തതിൽ തൊണ്ണൂറ് ശതമാനം പങ്കും വൈദികമതക്കാർക്കായിരുന്നു.
 ബിസി.187–151 ൽ പുഷ്യാമിത്രസുംഗൻ എന്ന ബ്രാഹ്മണ ഭരണാധികാരിയുടെ കാലഘട്ടത്തിൽ തുടങ്ങി എഡി പതിനാറാം നൂറ്റാണ്ടുവരെയെങ്കിലും ഈ ഹിംസ തുടർന്നു എന്നുള്ളത് ഡോ .കെ ജന്മനാദാസ് തൻ്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാടലീപുത്രം ഭരിച്ച പുഷ്യാമിത്രൻ ഓരോ ബുദ്ധഭിക്ഷുവിന്റെയും തലയ്ക്ക് നൂറ് സ്വർണ്ണദിനാരമാണ് പോലും സമ്മാനമായി നൽകിയത്.
 പാടലീപുത്രം മുതൽ സകാലം വരെയുള്ള മുഴുവൻ ബുദ്ധവിഹാരങ്ങളും പുഷ്യാമിത്രൻ  ചുട്ടെരിച്ചു.അദ്ദേഹത്തിന്റെ മകനായ വിക്രമാദിത്യനും ഇതേ പാത പിൻതുടർന്നു. കാശ്മീരം ഭരിച്ച മഹിരകുലൻ, വിദേശിയായ ഹൂണന്മാരെ ഇവിടെ കുടിയിരുത്തിയത് അന്നത്തെ വൈദികമതക്കാരാണ്.ഇദ്ദേഹം അവിടെയുണ്ടായിരുന്ന ബുദ്ധസ്തൂപങ്ങളും ആയിരക്കണക്കിന് സംഘാരാമങ്ങളും തകർത്തു. കാശ്മീരത്തിൽ മൂന്നുകോടിയോളം ബുദ്ധമതാനുയായികളെ മഹിരകുലൻ വധിച്ചെന്നാണ് കൽഹണൻെറ രാജതരംഗിണിയിൽ പറയുന്നത്.
    ബുദ്ധമതാനുയായിയായ താനേശ്വറിലെ രാജ്യവർദ്ദനനെ ശശാങ്കൻ എന്ന ബ്രാഹ്മണ രാജാവ് വധിച്ചു അധികാരം കൈക്കലാക്കി.കുശി നഗരത്തിലെ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കി.പാടലീപുത്രത്തിൽ സ്ഥാപിച്ചിരുന്ന ,പവിത്രമായി കരുതിയിരുന്ന ബുദ്ധൻെറ കാലടികൾ പതിഞ്ഞ സ്തൂപം ഗംഗയിൽ വലിച്ചെറിഞ്ഞു. ബുദ്ധഗയയിലെ ബോധിവൃക്ഷം മുറിച്ചുമാറ്റി വേരുപോലും അവശേഷിപ്പിക്കാതെ കത്തിച്ചു.ബുദ്ധവിഹാരത്തിൽ ശിവലിംഗം സ്ഥാപിച്ചു.ഗ്രന്ഥപുരകൾ മുഴുവൻ അഗ്നിക്കിരയാക്കി.ഹുയാൻസാംങും ഇൻസിങുമെല്ലാം അവരുടെ നാട്ടിലേക്ക് പകർത്തി എഴുതി കൊണ്ടുപോയ കൈയ്യെഴുത്തു പ്രതികളിൽ നിന്നാണ് അശ്വഘോഷൻെറ ബുദ്ധചരിതം പോലും നമുക്ക് ലഭിക്കുന്നത്.
 ഇന്നത്തെ ഇന്ത്യയുടെ ഇരട്ടിയോളം വലിപ്പമുള്ള അശോകമൗര്യൻെറ ഇന്ത്യയിലെ ഇരുനൂറോളം സ്തൂപങ്ങൾ നശിപ്പിച്ചു. അവസാനം മുഗളന്മാർ വേണ്ടി വന്നു ഈ സ്തൂപങ്ങളിൽ ചിലത് സംരക്ഷിക്കാൻ.എന്നിട്ടും ഈ സ്തൂപങ്ങളിൽ എന്താണ് എഴുതിയതെന്നും ആരാണ് എഴുതിയതെന്നും അറിയാൽ പതിനെട്ടാം നൂറ്റാണ്ടിൽ സായിപ്പന്മാർ വേണ്ടി വന്നു.
  ഒരു സംസ്കൃതിയെയും അവരുടെ പൈതൃകത്തെയും ഉന്മൂലനം ചെയ്ത ചരിത്രമാണിത്. അന്ന് മുഗളന്മാർ ഇന്ത്യ ഭരിച്ചിരുന്നില്ല എന്നുകൂടി ഓർമിപ്പിക്കട്ടെ.
  മഹത്തായ ഒരു സംസ്കാരത്തിന്റെ നേരവകാശികൾ ഇന്ത്യയിൽ പലയിടങ്ങളിലായി ചിന്നിചിതറി കിടപ്പുണ്ട്. അവരുടെ ആരാധനാലയങ്ങൾ അവർക്ക് തിരിച്ചു നൽകാൻ  തയ്യാറുണ്ടൊ എന്നതാണ് ചോദ്യം.പ്രത്യേകിച്ച്   രാമക്ഷേത്രം  ‘തിരിച്ചുപിടിച്ച’ അവസ്ഥയിൽ !
ബാബുരാജൻ, മനാശേരി

Back to top button
error: