‘മലൈക്കോട്ടൈ വാലിബൻ’ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ? വിറച്ചില്ലെങ്കിൽ പിണങ്ങരുതെന്ന് മോഹന്‍ലാല്‍; ചിത്രം സെൻസറിങ് കഴിഞ്ഞു
‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ആരാധകരില്‍ ആകാക്ഷയുണര്‍ത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇത്തരത്തിലൊരു ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്.
‘തിയേറ്റര്‍ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയില്‍ ആ ആളെ കാത്തിരിക്കുമ്പോള്‍ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്‌കില്‍ ആണ്. ആ സ്‌കില്‍ വാലിബനില്‍ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാന്‍ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്.
കഥ പറയുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഒരു സിനിമ നന്നാകണമെങ്കില്‍ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയായിരുന്നു. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളില്‍ അവിടുത്തെ ആള്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. അവരാരും ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ല. എന്നോട് കഥ പറയുന്ന സമയത്ത് അതിലേക്ക് എടുത്ത് ചാടിയതും അതുകൊണ്ടാണ്.’ മോഹന്‍ലാല്‍ പറഞ്ഞു.
കൊച്ചിയിൽ നടന്ന താരസമ്പന്നമായ ചടങ്ങിൽ ചിത്രത്തിന്റെ ട്രയ്ലർ റിലീസായി.
“ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമ” എന്നാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത്.
പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്‍’ 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ പ്രദര്‍ശന സമയം 2.35 മണിക്കൂറാണ്
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.