ഭോപ്പാല്‍: ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം കഴിയണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശ് സീഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ സഞ്ജീവ് തന്തുവേയാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി.
ചൊവ്വാഴ്ച സഞ്ജീവിനെ തല്‍സ്ഥാനത്തുനിന്നു പിരിച്ചുവിട്ടു. ഭോപ്പാലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റേതെങ്കിലും വ്യക്തിക്കോ സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോ ഈ വിഷയത്തില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. സഞ്ജീവ് മുന്‍പും ഇങ്ങനെ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭോപ്പാലിലെ സീഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സഞ്ജീവ് പലപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തിയിരുന്നു. ജനുവരി 3ന് ഗ്വാളിയോറില്‍ വച്ചുനടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം സഞ്ജീവ് പരാതിക്കാരിക്ക് വാട്ട്‌സാപ്പില്‍ മെസേജ് അയക്കുകയായിരുന്നു. ”നിങ്ങളെ തെരഞ്ഞെടുത്താല്‍ തനിക്കെന്തു കിട്ടുമെന്നായിരുന്നു സഞ്ജീവ് ചോദിച്ചത്. ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കുമോ എന്നും ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് ഒറ്റവാക്കില്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ജനുവരി 8 ന് ഗ്വാളിയോറിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരി പരാതി നല്‍കുകയും ജനുവരി 10 ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജനുവരി മൂന്നിന് കാര്‍ഷിക സര്‍വകലാശാലയില്‍ അഭിമുഖം നടന്നതായി പൊലീസ് പറഞ്ഞു. പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രതിക്കെതിരെ സെക്ഷന്‍ 354 എ പ്രകാരം കേസെടുത്തു.പ്രതി മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇതേ സന്ദേശം അയച്ചു. സന്ദേശം ഡിലീറ്റ് ചെയ്യുന്നതിനുമുമ്പ് ഒരു വിദ്യാര്‍ത്ഥി അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തിരുന്നു, അത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.