ന്യൂഡൽഹി: കുറഞ്ഞ താപനില നാലു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ രാജ്യതലസ്ഥാനം ബുധനാഴ്ച വീണ്ടും കൊടുംശൈത്യത്തിലേക്ക് വീണു.
ഇതേത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ വൈകി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ നിരവധി ട്രെയിനുകളും വൈകി.
ഉത്തരേന്ത്യയിലെ മറ്റ് സ്ഥലങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ശ്രീ ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദർജംഗ്, ബറേലി, ലക്നോ, ബഹ്റൈച്ച്, വാരാണസി, പ്രയാഗ്രാജ്, തേസ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചാപരിധി പൂജ്യമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത രണ്ടുദിവസം കൂടി ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.