2010ല്‍ അച്ഛൻ ആശുപത്രിയിലായപ്പോള്‍ നേരിട്ട കടുത്ത സാമ്ബത്തിക പ്രതിസന്ധി മിനിയെ സ്വയം തൊഴില്‍ സംരംഭത്തില്‍ എത്തിക്കുകയായിരുന്നു. ഹോട്ടലുകളിലെ വിരിപ്പുകളും ടവ്വലുകളും മാത്രം അലക്കുന്ന സ്മാഡെറ്റ് എന്ന വാഷിംഗ് യൂണിറ്റിന് 2011ല്‍ തുടക്കമിട്ടു. ഇന്ന് 30ലേറെ ഹോട്ടലുകളിലെ പുതപ്പ്, വിരിപ്പ്, തലയണ കവര്‍, ടവ്വല്‍ എന്നിവ അലക്കി മിനുക്കി മിനി കൈമാറുന്നു.
ആദ്യകാലത്ത് പ്രതിസന്ധികള്‍ നേരിട്ടെങ്കിലും പതിയെ വിജയത്തിലെത്തുകയായിരുന്നു മിനി. 25 കിലോയുടെ വാഷിംഗ് മെഷീൻ, സ്പിന്നര്‍, 25 കിലോയുടെ രണ്ട് ഡ്രയര്‍, തുണികള്‍ തേച്ചുമടക്കാൻ ഗുജറാത്തില്‍ നിന്നെത്തിച്ച ഏഴു ലക്ഷത്തിന്റെ യന്ത്രം എന്നിവയടക്കം 25 ലക്ഷത്തിലേറെ രൂപയുടെ മെഷീനുകള്‍ വീടിനോട് ചേര്‍ന്നുള്ള യൂണിറ്റിലുണ്ട്. വൈദ്യുതി നിരക്കും ഗതാഗത ചെലവും എട്ട് ജീവനക്കാരുടെ ശമ്ബളവും ഉള്‍പ്പെടെ മാസച്ചെലവുകള്‍ കഴിഞ്ഞ് ഒന്നര ലക്ഷത്തോളം രൂപ സമ്ബാദിക്കുന്നുണ്ട് ഈ വീട്ടമ്മ.
നെടുമ്ബാശേരിയില് പുതിയ യൂണിറ്റിന് ആറ് സെന്റ് സ്ഥലം വാങ്ങി രണ്ടു നില കെട്ടിടം പണിത് കഴിഞ്ഞു. 50 കിലോ വീതം തുണി അലക്കാനും ഉണക്കാനും തേയ്ക്കാനും ശേഷിയുള്ള മെഷീനുകളുമെത്തിച്ചു. പഴയ യൂണിറ്റ് നിലനിറുത്തിയാണ് പുതിയത് തുടങ്ങുന്നത്. എട്ട് ജീവനക്കാരുണ്ട്.
സംരംഭത്തിന്റെ വളര്‍ച്ചയില്‍ ഭര്‍ത്താവ് ഷാജിക്കും മകള്‍ അതുല്യയ്ക്കും മകൻ അദ്വൈതിനുമെല്ലാം വലിയ പങ്കുണ്ടെന്ന് മിനി പറയുന്നു. ഷാജിയുടെ സ്റ്റുഡിയോ 2018ലെ പ്രളയത്തില്‍ നഷ്ടപ്പെട്ടപ്പോഴും കുടുംബത്തിന് താങ്ങായത് വാഷിംഗ് യൂണിറ്റാണ്.