NEWSWorld

ഇറാഖിലെ ‘മൊസാദ് ആസ്ഥാനം’ ആക്രമിച്ചെന്ന് ഇറാന്‍; നിരവധി മരണം

ടെഹ്റാന്‍: ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ എര്‍ബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായി ഇറാന്‍. സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോറിനെ (ഐആര്‍ജിസി) ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐആര്‍ജിസി സിറിയയിലും കുര്‍ദിസ്ഥാന്‍ മേഖലയിലും ഒന്നിലധികം മിസൈല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ വ്യവസായി പെഷ്റോ ദിസായിയും ഉള്‍പ്പെടുന്നുവെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു.

Signature-ad

കുര്‍ദിസ്ഥാനിലെ ‘മൊസാദിന്റെ ആസ്ഥാന’മെന്ന് ആരോപിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായത്. ചാരപ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി പ്രവര്‍ത്തിച്ച ആസ്ഥാനമാണ് ആക്രമിച്ചതെന്ന് ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിനു മറുപടിയായാണ് ആക്രമണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ആക്രമണത്തെ യുഎസ് അപലപിച്ചു. ”എര്‍ബിലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ യുഎസ് ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഇറാഖിന്റെ സുസ്ഥിരതയെ തകര്‍ക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈല്‍ ആക്രമണങ്ങളെ എതിര്‍ക്കുന്നു” യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: