കണ്ണൂര്‍: ദേശീയപാതയില്‍ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. മുട്ട റോഡില്‍ പൊട്ടിച്ചിതറി. ഞായറാഴ്ച രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിലാണ് സംഭവം. തമിഴ്നാട് നാമക്കലില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു.
ഡ്രൈവര്‍ സോമസുന്ദരം മാത്രമായിരുന്നു ലോറിയില്‍. ആര്‍ക്കും പരിക്കില്ല. ഒന്നര ലക്ഷത്തോളം മുട്ട ലോറിയിലുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാക്കുകളില്‍ അടുക്കിവെച്ച നിലയിലായിരുന്നു. റോഡിലേക്ക് പൊട്ടിച്ചിതറിയതോടെ യാത്ര ദുഷ്കരമായി. വെള്ളയും മഞ്ഞയും മേല്‍പ്പാലത്തില്‍ നിന്ന് താഴെ ഭാഗത്തേക്ക് ഒഴുകി. എട്ടരയോടെ ലോറി മാറ്റി. തലശ്ശേരിയില്‍ നിന്നെത്തിയ അഗ്നിരക്ഷായൂണിറ്റ് റോഡ് കഴുകി വൃത്തിയാക്കി. ദേശീയപാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. സ്കൂട്ടറുകളും ബൈക്കുകളുമുള്‍പ്പെടെ 10 വാഹനങ്ങള്‍ തെന്നിമറിഞ്ഞു. ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.
പൊട്ടിയ മുട്ടകള്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ ദേശീയപാത മഞ്ഞ പ്രളയമായി. സൂക്ഷിച്ചുപോകാന്‍ പോലീസും നാട്ടുകാരും നിര്‍ദേശം നല്കിക്കൊണ്ടേയിരുന്നു. മഞ്ഞയും ചുവപ്പും കറുപ്പും ഓറഞ്ചും എന്നുവേണ്ട മുട്ടറാക്കുകളുടെ കൂമ്പാരമായിരുന്നു പീന്നീട് ദേശീയ പാതയോരത്ത്. മേല്‍പ്പാലത്തിന് അരികിലെ നടപ്പാതയില്‍ ഇവ കൂട്ടിയിട്ടു. വൈകുന്നേരമായപ്പോഴേക്കും ദുര്‍ഗന്ധവും പരന്നു.