CrimeNEWS

യാത്ര വൈകുമെന്ന് അറിയിച്ചു; ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ ഇടിച്ചിട്ട് യാത്രക്കാരന്‍

ന്യൂഡല്‍ഹി: വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനിടെ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സഹില്‍ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇന്‍ഡിഗോ പരാതി നല്‍കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്.

വിമാനം വൈകിയതിനെ തുടര്‍ന്നു പുതുതായി ഡ്യൂട്ടിക്ക് കയറി പൈലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഡ്രസ് ധരിച്ച ഒരാള്‍ അവസാനനിരയില്‍നിന്നു പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടന്നയുടന്‍ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി അധികൃതര്‍ക്ക് കൈമാറി.

Signature-ad

ഇന്നലെ മൂടല്‍ മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങള്‍ വൈകി. ഏതാനും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകള്‍ വൈകിയാണു പുറപ്പെട്ടത്.

പുലര്‍ച്ചെ 5ന് യാത്രക്കാരെ കയറ്റിയ ഒരു വിമാനത്തിന് മൂടല്‍മഞ്ഞു കാരണം ടേക്ക് ഓഫ് ചെയ്യാന്‍ സാധിച്ചില്ല. നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം ഇരുത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാല്‍ സമയം പുനഃക്രമീകരിച്ച് 11.30നാണ് വിമാനം പുറപ്പെട്ടത്. ഒട്ടേറെ ട്രെയിനുകളും മണിക്കൂറുകള്‍ വൈകി.

https://x.com/Capt_Ck/status/1746611192846807189?s=20

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എയര്‍ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി, കൊച്ചി-ദുബായ് വിമാനങ്ങള്‍ ഇന്നലെ ഏറെ വൈകി. ഇന്നലെ രാവിലെ 8.40ന് ഡല്‍ഹിയില്‍ നിന്നെത്തി 9.45ന് ദുബായിലേക്ക് പോകേണ്ട വിമാനമാണിത്. രാത്രിയായിട്ടും വിമാനം എത്താതായതോടെ കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. മഞ്ഞിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.

Back to top button
error: