ജെസ്നയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള ചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ചു സംശങ്ങളുണ്ട്. അതില്‍ തെളിവുകള്‍ ലഭിച്ചാലേ പുറത്തു പറയാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ജെസ്നയുടെ തിരോധാനത്തിനു പിന്നില്‍ മതതീവ്രവാദ ബന്ധമുണ്ടോയെന്നു നോക്കിയെന്നും ഇതിന് തെളിവ് ലഭിച്ചില്ലെന്നും സൈമണ്‍ അറിയിച്ചു. ജെസ്ന സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ആരും നിര്‍ബന്ധിച്ചു കൊണ്ടുപോയതല്ല. ഫോണില്ലാതെയാണു ജെസ്ന വീട്ടില്‍ നിന്ന് പോയതെന്നും സൈമണ്‍ കൂട്ടിച്ചേര്‍ത്തു.
കാണാതായ ദിവസം ജെസ്നയെ 16 തവണ വിളിച്ച സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. ഒന്നും കിട്ടിയില്ല.ജെസ്നയുടെ തിരോധാനത്തിനു പിന്നില്‍ കുടുംബ പ്രശ്നമല്ല. ജെസ്നയ്ക്കു പ്രേമബന്ധവും ഉണ്ടായിരുന്നില്ല.ജെസ്നയെ കോവിഡ് സമയത്ത് തമിഴ്നാട്ടില്‍ കണ്ടതായുള്ള വാദങ്ങള്‍ ശരിയല്ല. ജെസ്നയുടെ പിതാവിന്റെ ജോലിക്കാരന്റെ സ്ഥലം തമിഴ്നാടാണ്. അവിടെ നിന്നു കോളുകള്‍ വന്നിട്ടുണ്ട്. ജെസ്ന തമിഴ്നാട്ടിലെ ജോലിക്കാരന്റെ വീട്ടില്‍ കുടുംബമായി പോയിട്ടുണ്ട്. ഇരു കുടുംബങ്ങളും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍, ഈ സന്ദര്‍ശനങ്ങള്‍ക്കു തിരോധാനവുമായി ബന്ധമില്ല. ജെസ്ന ഏറ്റവും അവസാനം വിളിച്ചത് അച്ഛന്റെ സഹോദരിയെ ആണ്.
കേസിന്റെ കാര്യങ്ങള്‍ സിബിഐയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.കേസ് സിബിഐയ്ക്ക് തെളിയിക്കാനാകുമെന്നാണ് വിശ്വാസമെന്നും കെ ജി സൈമണ്‍ വിശദമാക്കി.