ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഹൈകോടതി അഭിഭാഷകൻ അഡ്വ. അനൂപ് വി.ആര്‍. മുഖേനെ അബ്ദുല്‍ ഹമീദ് നോട്ടീസ് അയച്ചത്.
ജനുവരി ഏഴിന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃശ്ശൂര്‍ എം.പി ടി.എൻ. പ്രതാപന്‍റെ സ്റ്റാഫിനെതിരെ കെ. സുരേന്ദ്രൻ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
‘നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതാപന്‍റെ കൂടെയുള്ളത്. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍ പി.എഫ്.ഐക്കാരനാണ്. ജാമിയ മില്ലിയ ഗൂഢാലോചന കേസില്‍ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.ഡല്‍ഹി കലാപത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്’ – സുരേന്ദ്രൻ പറഞ്ഞിരുന്നു.
ജാമിഅ മില്ലിയ കേന്ദ്ര സര്‍വകലാശാലയുടെ എൻ.എസ്.യു.ഐ പ്രസിഡന്‍റാണ് എൻ.എസ്. അബ്ദുല്‍ ഹമീദ്.
കെ. സുരേന്ദ്രന് മറുപടിയായുള്ള ടി.എൻ. പ്രതാപന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ അവഹേളിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ബി.ജെ.പി ജില്ല സംസ്ഥാന നേതൃത്വം. അതിന്റെ ഭാഗമായി ഡല്‍ഹിയിലെ എന്റെ പി.ആര്‍.ഒയും ജാമിഅ മില്ലിയ കേന്ദ്ര സര്‍വകലാശാലയുടെ എൻ.എസ്.യു.ഐ പ്രസിഡന്റുമായ എൻ.എസ്. അബ്ദുല്‍ ഹമീദ് പോപ്പുലര്‍ ഫ്രണ്ട് നേതാവാണെന്നും ഡല്‍ഹി കലാപത്തില്‍ എൻ.ഐ.എ ചോദ്യം ചെയ്ത ആളാണെന്നുമുള്ള നീചവും വസ്തുതാ വിരുദ്ധവുമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ കേരളം പോലെ ഒരു സംസ്ഥാനത്തിന്റെ ഒന്നാമനാണ് ഇതുപോലെ ഒരു അടിസ്ഥാന ഫാക്‌ട് ചെക്ക് പോലും ചെയ്യാതെ വാട്സാപ്പ് ഫോര്‍വേടുകള്‍ ഇങ്ങനെ വിളിച്ചു പറയുന്നത്. 2017 മുതല്‍ ഡല്‍ഹിയിലെ എന്റെ പി.ആര്‍.ഒ ആണ് ഹമീദ്. 2019ല്‍ എം.പിയായപ്പോള്‍ എന്റെ ലോകസഭ പി.ആര്‍.ഒ കൂടിയായി. ഏതെങ്കിലും നിരോധിത സംഘടനയുടെ ഭാഗമാണെങ്കില്‍ പാര്‍ലമെന്റിലേക്കുള്ള പ്രവേശന പാസ് പോയിട്ട് അതിന്റെ അടുത്ത് പോയി നില്‍ക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? അത്രമാത്രം അന്വേഷണങ്ങള്‍ നടത്തിയാണ് ഓരോ വര്‍ഷവും എം.പിമാരുടെ സ്റ്റാഫുകളുടെ പാസ് പാര്‍ലമെന്റ് സെക്യൂരിറ്റി വിഭാഗം പുതുക്കി നല്‍കുന്നത്.
എഴുത്തുകാരനും വാഗ്മിയുമായ ഹമീദിന്റെ പുസ്തകമാണ് ‘രാം കെ നാം.’ നമ്മുടെ ഭാരതത്തെ എങ്ങനെയാണ് മത വര്‍ഗ്ഗീയത കാര്‍ന്നുതിന്നുന്നത് എന്ന് കൃത്യമായി വരച്ചിടുന്ന പുസ്തകമാണിത്. ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാരത്തെയും ഇസ്‌ലാം മതത്തെ ദുരുപയോഗം ചെയ്യുന്ന സമാന ചിന്താപദ്ധതികളെയും തുറന്നു വിമര്‍ശിക്കുന്ന എഴുത്തുകളാണ് ഹമീദിന്റെ തൂലികയില്‍ നിന്നും വന്നിട്ടുള്ളത്. മതനിരപേക്ഷ നിലപാടുകളില്‍ മത സൗഹാര്‍ദ്ദ ഇടപെടലുകളില്‍ മാതൃകാപരമായ ജീവിതചര്യ ഉള്ള ഹമീദിനെ എനിക്കും ഇന്നാട്ടിലെ ജനങ്ങള്‍ക്കും നന്നായി അറിയാം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി സ്ഥാപിതമായ ജാമിഅ മില്ലിയ ഇസ്‌ലാമിയ നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ സര്‍വ്വകലാശാലയാണ്. അവിടെ കോണ്‍ഗ്രസിൻറെ വിദ്യാര്‍ത്ഥി വിഭാഗമായ എൻഎസ്‌യുഐയുടെ അധ്യക്ഷനാണ് നിലവില്‍ ഹമീദ്.
ഹമീദിന്റെ ഇൻസ്റ്റഗ്രാമിലെ അടക്കം വീഡിയോകളും എഴുത്തുകളും സംഘ്പരിവാരത്തെ അത്രമേല്‍ പ്രകോപിപ്പിക്കുന്നു എന്നത് നേരാണ്. മണിപ്പൂര്‍ വിഷയത്തില്‍ ബി.ജെ.പി നേതാക്കളുടെ കാപട്യം തുറന്നു കാണിച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടത്. തൃശൂര്‍ പോലെ ഒരു സ്ഥലത്ത് മുസ്‌ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യഥാര്‍ഥ മുഖം തുറന്നുവെച്ചാല്‍ അവര്‍ക്ക് നില്‍ക്കക്കളിയില്ലാതാവും എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയത്.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ അവഹേളിക്കുന്ന ഏര്‍പ്പാട് അംഗീകരിക്കില്ല. ഹമീദിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായ ഭാഷയില്‍ ഇന്നലെ ഹമീദ് തന്നെ മാധ്യമങ്ങളുടെ മുന്നില്‍ തള്ളിക്കളഞ്ഞത് കണ്ടുകാണും എന്നുകരുതുന്നു. ശക്തമായ നിയമനടപടി തന്നെയാണ് ആദ്യ മാര്‍ഗം. അങ്ങനെ മുന്നോട്ടുപോകാനാണ് ഉദ്ദേശവും.