NEWS

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്, നിയമ വഴിയേ നേതൃത്വം; ചുമത്തിയത് 10 വർഷത്തിലേറെ തടവു ലഭിക്കാവുന്ന കുറ്റം

     യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് പറഞ്ഞു.

സുപ്രീം കോടതി മാർഗനിർദേശ പ്രകാരമുള്ള 41എ നോട്ടിസ് ഒഴിവാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ചുമത്തിയത് ഐപിസി 326, 333 വകുപ്പുകൾ. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസിനെ ആക്രമിച്ചു ഗുരുതര പരുക്കേൽപിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ചു പരുക്കും എല്ലിന് ഒടിവും വരുത്തി എന്നീ കുറ്റങ്ങളാണ് ഇതിൽ.

Signature-ad

രണ്ടും 10 വർഷത്തിലേറെ തടവ് ലഭിക്കാവുന്നവയാണ്. ഇത്തരം കുറ്റം ചെയ്താൽ 41 എ നോട്ടിസ് ആവശ്യമില്ലെന്ന് 2019ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 7 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ അറസ്റ്റ് വേണ്ടെന്നു 2022ൽ സുപ്രീം കോടതി ഉത്തരവുണ്ട്.

രാഹുലിന്റെ കേസിൽ 41എ നോട്ടിസ് നൽകിയെന്നാണു പൊലീസും പ്രോസിക്യൂഷനും കോടതിയിൽ പറഞ്ഞത്. അത്തരം നോട്ടിസ് നൽകിയാൽ പ്രതിയുടെ വിശദീകരണം കേട്ട ശേഷമേ അറസ്റ്റ് പാടുള്ളൂ. അടൂരിൽ രാഹുലിന്റെ വീട്ടിലെത്തി 41 എ നോട്ടിസ് നൽകിയെന്നാണു കന്റോൺമെന്റ് എസ്.എച്ച്.ഒ കോടതിയെ അറിയിച്ചത്.

തന്നെ കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ച് ഏതോ പേപ്പറിൽ പൊലീസ് ഒപ്പിട്ടു വാങ്ങിയെന്നാണു രാഹുൽ കോടതിയിൽ പറഞ്ഞത്. ഈ നോട്ടിസ് നൽകേണ്ട ആവശ്യമില്ലെന്നാണു സർക്കാർ അഭിഭാഷകനും മാധ്യമങ്ങളോടു പറഞ്ഞത്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അഡ്മിഷൻ സെല്ലിൽനിന്നു സെല്ലിലേക്കു മാറ്റി. 25 റിമാൻഡ് തടവുകാർ ഇവിടെയുണ്ട്.

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കാനും നേതൃത്വം ഒരുങ്ങുന്നുണ്ട്. ഈ മാസം 22 വരെയാണ് സെഷൻസ് കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്.

Back to top button
error: