ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ക്ലബുകള്‍ പന്ത് തട്ടാനിറങ്ങുന്ന സൂപ്പര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ കിക്കോഫ്.
കലിംഗയിലെ മെയിൻ പിച്ചിലും പിച്ച് ഒന്നിലുമായി നടക്കുന്ന മത്സരങ്ങള്‍ 20 ദിവസം നീളും. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് കീഴിലാണ് ടൂര്‍ണമെന്റ്. നാല് വീതം ടീമുകള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടും. ഇന്ന് ഉച്ചക്ക് ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഹൈദരബാദ് എഫ്.സിയും രാത്രി മോഹൻ ബഗാനെ ശ്രീമനിധി ഡെക്കാനും നേരിടും.
കേരളത്തില്‍നിന്ന് ഐ.എസ്.എല്‍ വമ്ബന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഐ ലീഗ് മുൻ ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ്.സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലും ഗോകുലം സിയിലുമാണ്. നാളെ ഷില്ലോങ് ലജോങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി. വ്യാഴാഴ്ച മുംബൈ സിറ്റിയുമായാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.
എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ടീം ഖത്തറിലായതിനാല്‍ ഇതേസമയത്ത് നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ടീമുകള്‍ക്ക് പല പ്രമുഖരുടെയും സേവനം ലഭിക്കില്ല.
കഴിഞ്ഞവര്‍ഷം കോഴിക്കോട് കോര്‍പറേഷൻ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമായിരുന്നു ടൂര്‍ണമെന്റ്. കോഴിക്കോട് നടന്ന ഫൈനലില്‍ ബംഗളൂരുവിനെ തോല്‍പിച്ച് ഒഡിഷ ജേതാക്കളായി.