കാസര്‍കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയില്‍ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിലാണ് സംഭവം.
കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിക്കായി ബി.ജെ.പി പ്രവര്‍ത്തകര്‍ ദിവസങ്ങളായി പ്രചരണത്തിലായിരുന്നു. ഉച്ച മുതല്‍ തന്നെ കാസര്‍കോട് താളിപ്പടപ്പ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി തുടങ്ങി. സ്റ്റേജിന് താഴെ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തില്‍ ബി.ജെ.പി നേതാക്കള്‍ നിറഞ്ഞു. പിന്നീടാണ് കേന്ദ്ര മന്ത്രി എത്തില്ലെന്ന് അറിഞ്ഞത്. ഇതോടെ നേതാക്കളും പ്രവര്‍ത്തകരും നിരാശരായി. സ്റ്റേജില്‍ യു.ഡി.എഫ് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ മാത്രം. പേരിന് പോലും ഒരൊറ്റ ബി.ജെ.പി നേതാവില്ല. രാജ് മോഹന്‍ ഉണ്ണിത്താന് എം.പിയും സ്ഥലം എം.എല്‍ എ എന്‍ എ നെല്ലിക്കുന്നും പ്രസംഗിച്ചു. തുടര്‍ന്ന് എം. രാജഗോപലന് എം.എല്‍ എ കൂടി പ്രസംഗം തുടങ്ങിയതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി.
ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ ദേശീയ പാത അധികൃതര്‍ വേദിക്ക് താഴെ ഇരിക്കുകയായിരുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റിന് സ്റ്റേജില്‍ ഇരിപ്പിടം നല്‍കിയെങ്കിലും ഇറങ്ങിപ്പോയ പ്രവര്‍ത്തകര്‍ തിരിച്ച് വന്നില്ല.