ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനിന് മുന്നോടിയായി കര്‍ണാടകയില്‍ ‘ഗോധ്ര’ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിന്റെ പരാമര്‍ശം വിവാദത്തില്‍.
ജനുവരി 22 ന് നടക്കുന്ന രാമ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായികര്‍ണാടകയില്‍ ഇത്തരമൊരു അനിഷ്ടസംഭവം ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ഹരിപ്രസാദ് ആവശ്യപ്പെട്ടു.
ഹരിപ്രസാദിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഹരിപ്രദാസിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഹരിപ്രസാദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡി.വി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു. ഹരിപ്രസാദിനപ്പോലെയുള്ള നേതാക്കള്‍ ഇത്തരം ഭാഷയില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നായിരുന്നു മുന്‍ മന്ത്രി കെ.എസ് ഈശ്വരപ്പയുടെ പ്രതികരണം. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു.
2002ല്‍ ഗോധ്രയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ സബര്‍മതി ട്രെയിന്‍ തീവയ്പിനു പിന്നാലെ സംസ്ഥാനത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരും തീര്‍ത്ഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബര്‍മതി എക്സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് അക്രമികള്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്.