KeralaNEWS

നവകേരള സദസ് വിജയം; മോദിയെ തന്നെ ഇറക്കി ബിജെപി; പരിഭ്രാന്തിയിൽ യുഡിഎഫ്

തിരുവനന്തപുരം : രണ്ടു മാസത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി മുന്നണികള്‍.

മന്ത്രിസഭതന്നെ ജനങ്ങളുമായി നേരിട്ട് സംവദിച്ച നവകേരളസദസ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2019ല്‍ ലഭിച്ച സീറ്റുകളില്‍ കുറവുണ്ടാവാതിരിക്കാൻ കരുതലോടെ യു.ഡി.എഫും രംഗത്തിറങ്ങി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധികാരം പിടിച്ചത് കേരളത്തിലും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

നവകേരളസദസിലൂടെ അണികളെ ഉത്തേജിപ്പിക്കാനും കേന്ദ്രവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും സി.പി.എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, ബി.ജെ.പി -മോദി വിരുദ്ധ പോരാട്ടങ്ങളുടെ കുന്തമുനയാക്കാൻ സി.പി.എമ്മും പോഷകസംഘടനകളും സ്വീകരിച്ച രാഷ്ട്രീയ നിലപാട് ഒട്ടൊക്കെ ഫലം കണ്ടു. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റും ക്ഷേമപ്രവര്‍ത്തനങ്ങളും തകിടം മറിച്ചത് കേന്ദ്രത്തിന്റെ പ്രതികൂല സമീപനം കൊണ്ടാണെന്ന് വിശദീകരിക്കാൻ സര്‍ക്കാരിനും സി.പി.എമ്മിനും കഴിഞ്ഞിട്ടുണ്ട്. മണിപ്പൂര്‍, പാലസ്തീൻ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണത്തിലും ഫലമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയിലും മുന്നണിയിലുമുള്ള ഐക്യവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ലഭിക്കുന്ന മേല്‍ക്കൈയും പ്രയോജനപ്പെടുത്തിയാല്‍ മുന്നേറാമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു.

Signature-ad

തൃശ്ശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കിയാണ് ബി.ജെ.പി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്നും അതില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉണ്ടാകണമെന്നുമാണ് ബി.ജെ.പി ജനങ്ങളോട് പറയുന്നത്. പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് കേന്ദ്രനേതൃത്വത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിക്കുന്നു. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളും മറ്റ് വികസന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.

നവകേരളസദസിനെതിരായ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം പാര്‍ട്ടിക്ക് ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്.അതിലുപരി നേതാക്കളുടെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും പുനഃസംഘടനാ പാളിച്ചകളും ഗ്രൂപ്പുകളുടെ ചേരിപ്പോരും കോൺഗ്രസിന് വെല്ലുവിളിയാണ്. ഇടക്കാലത്ത് രാഷ്ട്രീയമായി ലീഗിനുണ്ടായ ചാഞ്ചാട്ടം യു.ഡി.എഫനെ ബാധിച്ചെങ്കിലും നിലവില്‍ മുന്നണിയില്‍ കൃത്യമായ ഏകോപനം ദൃശ്യമാണ്.

2019ല്‍ ലഭിച്ച 19 സീറ്റുകള്‍ നിലനിറുത്താനാണ് യു.ഡി.എഫ് ശ്രമം. പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ മറന്ന് ഒരുമിച്ച്‌ പോരാടണമെന്ന സന്ദേശം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നല്‍കിക്കഴിഞ്ഞു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ക്ഷണം രാഷ്ട്രീയമായി കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുന്നുണ്ട്. നിലവിലെ എല്ലാ എം.പിമാരോടും വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ക്ക് സാദ്ധ്യതയുണ്ട്

Back to top button
error: