ദിവസങ്ങള്‍ പിന്നിടുമ്ബോഴും പ്രതികളെ സംബന്ധിച്ചു വ്യക്തമായ സൂചനയില്ല. പലരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരെ വിട്ടയയ്ക്കുകയാണ് ഉണ്ടായത്. പറക്കോടുനിന്നും കസ്റ്റഡിയിലെടുത്ത സംഘത്തിനു സംഭവവുമായി ബന്ധമുണ്ടാകാമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന സൂചനയാണ് ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്ബത് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടു.മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനവും.
മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനുമിടയിലുള്ള സമയത്തായിരുന്നു കൊലപാതകം. പോലീസെത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചപ്പോഴേക്കും ആറുമണി കഴിഞ്ഞു. കൊലപാതകമെന്നു വ്യക്തമായ സൂചനകളുണ്ടായിട്ടും പോലീസ് നടപടികള്‍ നടത്താൻ തയാറായില്ല. ഇൻക്വസ്റ്റ് തയാറായശേഷമാണ് നടപടികളിലേക്കു കടന്നത്. കൊലപാതകികള്‍ക്ക് രക്ഷപ്പെടാൻ ഈ സമയം ധാരാളമായി.
സംഭവശേഷം പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കാനും ഏറെ വൈകി. സന്ധ്യയായതോടെ ശനിയാഴ്ച മൃതദേഹം കടയില്‍ തന്നെയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഫോറന്‍സിക്, ഡോഗ് സ്ക്വാഡുമെല്ലാം സ്ഥലം സന്ദര്‍ശിച്ചത് ഞായറാഴ്ചയാണ്. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തിയശേഷം മതി ഇൻക്വസ്റ്റെന്ന നിര്‍ദേശം വന്നതോടെ പിന്നെയും സമയമെടുത്തു. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മാറ്റിയശേഷമാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ തീരുമാനിച്ചത്.
കൊലപാതകമെന്നു സ്ഥിരീകരിച്ച് പ്രതികളുടെ സഞ്ചാരപഥത്തിനു തടയിടാന്‍ പോലീസ് ശ്രമിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. വിലപ്പെട്ട തെളിവുശേഖരണം നടക്കേണ്ടതും ആദ്യ മണിക്കൂറിലായിരുന്നു. ഇതു സംബന്ധിച്ചുണ്ടായ വീഴ്ച തുടരന്വേഷണത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും.