KeralaNEWS

ആന്റണി രാജുവുമായി തർക്കമില്ല, കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്ക്കരിക്കും: മന്ത്രി കെ.ബി ഗണേഷ് കുമാർ

    ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വലിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കേരളത്തില്‍ കൊണ്ടുവരുമെന്നും സംസ്ഥാനത്ത്  എല്ലായിടത്തും ബസ് സർവീസുകളും നിരവധി സംരഭകരും എത്തുന്ന പദ്ധതിയാകും അതെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കും.

“വരുമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനൊപ്പം ചെലവും വർധിച്ചാൽ നമ്മള്‍ കുഴപ്പത്തിലാകും. മുറുക്കാന്‍ കടയിലെ സാമ്പത്തിക ശാസ്ത്രമാണത്. അതാണ് അടിസ്ഥാനപരമായ കാര്യം.”

Signature-ad

എല്ലാ ബസ് സ്റ്റേഷനും വൃത്തിയാക്കുന്നതിനായി ശ്രമം നടക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും മുലയൂട്ടുന്ന അമ്മമാര്‍ക്കായും പ്രത്യേക സംവിധാനവും ഒരുക്കും. അതിനുവേണ്ടി വലിയ വലിയ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി ആദായ നികുതി വകുപ്പിന് അപേക്ഷ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷിപ്പ്‌യാര്‍ഡ് പോലെ വലിയ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് വാങ്ങാന്‍ സഹായിക്കാമെന്ന് കെ.വി തോമസ് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

“ടോയ്‌ലെറ്റുകള്‍ വളരെ ദയനീയ സ്ഥിതിയിലാണ്. ചെലവു കുറഞ്ഞ രീതിയില്‍ അകത്ത് ദുര്‍ഗന്ധം നില്‍ക്കാത്ത തരത്തിലുള്ള ഒരു ടോയ്‌ലെറ്റ് ഞാന്‍ പത്തനാപുരത്തിനു വേണ്ടി ഡിസൈന്‍ ചെയ്തിരുന്നു. അത്തരത്തില്‍ ടോയ്‌ലെറ്റുകളെല്ലാം നവീകരിക്കാൻ സംവിധാനമൊരുക്കും. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാനുള്‍പ്പടെ നിര്‍ത്തുന്ന സ്ഥലങ്ങളും വൃത്തിഹീനമാണ്. അവിടെ ടോയ്‌ലെറ്റുകളില്ല. സ്ത്രീകള്‍ക്കൊക്കെ ബുദ്ധിമുട്ടാണ്. അപ്പോള്‍ അതിനൊരു ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തും.

ബസ് പോകുന്ന വഴിക്കുളള റെസ്റ്ററന്റുകളില്‍ ടോയ്‌ലെറ്റും മറ്റു സംവിധാനങ്ങളുമുണ്ടോയെന്ന് ഉദ്യോഗസ്ഥന്മാര്‍ പരിശോധിക്കും. നല്ല ഭക്ഷണം, ടോയ്‌ലെറ്റ് സൗകര്യം, അങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ അവിടെ വണ്ടി നിര്‍ത്തൂ. കെ.എസ്. ആര്‍.ടി.സി.യെ ജനകീയമാക്കും. ജനങ്ങള്‍ക്കാണ് പ്രാധാന്യം. ബസില്‍ കയറുന്ന യാത്രക്കാരാണ് രാജാവ്.

നഷ്ടത്തിലോടുന്ന എല്ലാ ട്രിപ്പുകളും നിര്‍ത്തും. അതില്‍ ജനപ്രതിനിധികള്‍ക്ക് ഒരു വിഷമവും വേണ്ട. അതിനു പരിഹാരം കണ്ടെത്തും. ഉള്‍മേഖലകളില്‍ ഓടുന്ന ബസുകള്‍ അതിനെ മാത്രം ആശ്രയിക്കുന്ന തൊഴിലാളികളുള്ള ആദിവാസി മേഖലകള്‍, എസ്.സി, എസ്.ടി കോളനികള്‍ എന്നിവിടങ്ങളിലൂടെയുള്ള ബസുകളൊന്നും നിര്‍ത്തില്ല. അതിലൊന്നും ആശങ്ക വേണ്ട.

വണ്ടിയില്ലാത്ത സ്ഥലങ്ങളില്‍ വണ്ടിയെത്തിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി അനുവാദം നല്‍കിയാല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായുള്ള ഒരു വലിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കേരളത്തില്‍ കൊണ്ടുവരും. എല്ലാവര്‍ക്കും അഭിമാനിക്കാനുള്ള ഒരു നേട്ടം കേരളം കൈവരിക്കും. കേരളത്തിന്റെ മുക്കിലും മൂലയിലും ബസ് സര്‍വീസും അനേകായിരം സംരഭകരും വരുന്ന ഒരു പുതിയ പദ്ധതിയാണത്.

എല്ലാ തൊഴിലാളി യൂണിയനുകളുമായി സൗഹൃദത്തില്‍ തന്നെ പോകും. അവരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സമീപനങ്ങളൊന്നുമുണ്ടാകില്ല. തൊഴിലാളികള്‍ക്കാവശ്യം അവരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയാണ്. അതില്‍ സുതാര്യമായ ചര്‍ച്ചകളുണ്ടാകും. മുൻമന്ത്രി ആൻ്റണി രാജുവുമായി യാതൊരുവിധ തർക്കങ്ങളുമില്ല, ആരോപണങ്ങൾ വാസ്തവവിരുദ്ധമാണ്. ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്.” ഗണേഷ് കുമാർ വ്യക്തമാക്കി

“മോട്ടോര്‍വാഹനവകുപ്പുമായി ബന്ധപ്പെട്ട എല്ലാ അഴിമതികള്‍ക്കും നടപടിയുണ്ടാകും. ഇവിടെ ഇരിക്കുന്നയാള്‍ ശുപാര്‍ശ കേള്‍ക്കുന്നവരല്ലെന്ന് മനസ്സിലാക്കി വ്യാപകമായ അഴിമതികള്‍ ഉദ്യോഗസ്ഥന്മാരും ഏജന്റുമാരും നിര്‍ത്തണം. ഞാന്‍ സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുകയാണ്. റോബിന്‍ ബസിന്റെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിന് ശേഷം തീരുമാനം പറയാം. ഇതൊന്നും ഗതാഗതവകുപ്പിനോ കെ.എസ്.ആര്‍.ടി.സിക്കോ വെല്ലുവിളിയല്ല. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തീരുമാനമെടുക്കും. നിയമത്തെ വ്യാഖ്യാനിക്കാന്‍ നമ്മളാരും അര്‍ഹരല്ല.

തപാല്‍ വകുപ്പിന്റെ കുടിശ്ശിക കൊടുത്തു തീര്‍ക്കും. ലൈസന്‍സ് കൊടുക്കാന്‍ തപാല്‍ വകുപ്പിനെ നോക്കിയിരിക്കാതെ നേരിട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പമ്പ സന്ദര്‍ശിക്കും. അവിടുത്തെ ഗതാഗതം സുഗമമാക്കും…” മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു.

Back to top button
error: