ഇംഫാല്‍: മണിപ്പുരില്‍ പുതുവര്‍ഷ ദിനത്തില്‍ നാലുപേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പിനു പിന്നാലെ, പ്രകോപനം സൃഷ്ടിച്ച് പട്ടാപ്പകല്‍ റോക്കറ്റ് ലോഞ്ചറുകളുമായി മെയ്‌തെയ് വിഭാഗത്തിന്റെ പരേഡ്. ഇംഫാല്‍ നഗരത്തില്‍ തുറന്ന വാഹനത്തില്‍ തീവ്ര മെയ്‌തെയ് വിഭാഗമാണ് പരേഡ് നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളായാണ് ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പട്ടാപ്പകല്‍ ഇംഫാല്‍ നഗരത്തിലൂടെ തീവ്ര വിഭാഗത്തിന്റെ പരേഡ്.
ഇംഫാല്‍ താഴ്വരയില്‍ പുതുവര്‍ഷദിനത്തില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനു പുറമേ 14 പേര്‍ക്കു പരുക്കുമേറ്റിരുന്നു. തൗബാലിലെ മെയ്‌തെയ് മുസ്ലിം (പംഗല്‍) മേഖലയായ ലിലോങ്ങില്‍ പൊലീസ് യൂണിഫോമിലെത്തിയ തീവ്ര മെയ്‌തെയ് സംഘടനകളിലെ ആയുധധാരികള്‍ ജനക്കൂട്ടത്തിനുനേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതിനു പിന്നാലെ ഇംഫാല്‍ താഴ്വരയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
കലാപത്തില്‍ പങ്കാളികളല്ലാത്ത പംഗല്‍ വിഭാഗക്കാര്‍ക്കുനേരെ പ്രത്യക്ഷമായ ആക്രമണമുണ്ടാകുന്നത് ആദ്യമാണ്. കലാപത്തില്‍ പങ്കാളികളായ കുക്കി-മെയ്‌തെയ് വിഭാഗക്കാരുമായി നല്ല ബന്ധത്തിലായിരുന്നു പംഗലുകള്‍. കൊള്ളയ്ക്കായി എത്തിയ ഭീകരസംഘത്തെ എതിര്‍ത്തവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന. കഴിഞ്ഞ വര്‍ഷം മേയ് 3ന് ആരംഭിച്ച വംശീയകലാപത്തില്‍ 200ല്‍ അധികം പേര്‍ ഇതിനകം കൊല്ലപ്പെട്ടു. അരലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി.