NEWSPravasi

കൊവിഡ് വ്യാപനം; ഇരു ഹറമുകളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം. രാജ്യത്ത് കൊവിഡ് 19ന്റെ ഉപ വകഭേദമായ ജെഎന്‍.1 കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

രോഗബാധയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മക്ക, മദീന പള്ളികളുടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ മാത്രമല്ല, മസ്ജിദുകളുടെ മുറ്റത്തും പരിസര പ്രദേശങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ജെഎന്‍.1 കണ്ടെത്തിയവരില്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ട കേസുകള്‍ തീരെയില്ലെന്നും വ്യക്തമാക്കുന്നു.

Signature-ad

സൗദിക്ക് പുറമേ നിരവധി രാജ്യങ്ങളില്‍ പുതിയ കൊവിഡ് വകഭേദം ശക്തമാണ്. ആശങ്കപ്പെടേണ്ടതില്ലെങ്കിലും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.

കൊവിഡ്-19 മഹാമാരി കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ജൂണിലാണ് സൗദി അറേബ്യ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഹജ്ജിന് ഏര്‍പ്പെടുത്തിയരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ വര്‍ഷം 18 ലക്ഷം പേര്‍ പുണ്യഭൂമിയിലെത്തിയിരുന്നു.

ഉംറ സീസണായതിനാല്‍ ഇരു ഹറമുകളിലും തീര്‍ത്ഥാടകരുടെ വന്‍ തിരിക്കാണ് അനുഭവപ്പെടുന്നത്. മസ്ജിദുകള്‍ക്ക് ഉള്ളിലും മുറ്റത്തും പരിസര പ്രദേശങ്ങളിലുമെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെ രാജ്യത്ത് എത്തിക്കാന്‍ സൗദി പദ്ധതി തയ്യാറാക്കിയിരുന്നു. സീസണില്‍ ഒരു കോടി ഉംറ വിസ നല്‍കാനാണ് സൗദി ലക്ഷ്യമിടുന്നത്.

 

 

 

Back to top button
error: