തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരെ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെ പിന്തുണയ്ക്കാതെ മന്ത്രിമാര്‍. ഓരോരുത്തരും പറയുന്നത് സര്‍ക്കാര്‍ നിലപാടായി കാണരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബിഷപ്പുമാര്‍ പങ്കെടുത്തതില്‍ സര്‍ക്കാരും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂരിനെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി ബിഷപ്പുമാര്‍ക്ക് വിരുന്നൊരുക്കിയത് കാപട്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സജി ചെറിയാന്റെ പ്രസ്താവന താന്‍ കണ്ടിട്ടില്ലെന്നും വാസവന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെതിരെ സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ബി.ജെ.പി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ ദീപിക പത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. സജി ചെറിയാന്‍ നിരന്തരം വിടുവായിത്തം പറയുകയാണെന്നും അത് തിരുത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞു. ബിഷപ്പുമാരെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. സജി ചെറിയാന്റെ പദപ്രയോഗം മന്ത്രിസ്ഥാനത്തിന് ചേര്‍ന്നതല്ല. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.