
കോഴിക്കോട്: ക്ഷേത്രത്തില്‍ ആരൊക്കെയാണു പോകേണ്ടതെന്നു സമസ്തയല്ല, ക്ഷേത്ര വിശ്വാസികളാണു തീരുമാനിക്കേണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍. പള്ളിയില്‍ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയില്‍ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണ്. ബിജെപിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതാണ് അയോധ്യയിലെ രാമക്ഷേത്രം. പറഞ്ഞതെല്ലാം ചെയ്തുകാണിച്ച ചരിത്രമാണു മോദിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ക്ഷേത്രം പണിതതു കൊണ്ടല്ല ജനങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്തത്. രാമക്ഷേത്രം മാത്രമല്ല തിരഞ്ഞെടുപ്പിലെ വിഷയം. രാജ്യത്ത് ഒന്നടങ്കം നടപ്പാക്കിയ വികസനകാര്യങ്ങളാണു പ്രധാനമായും ചര്‍ച്ചയാവുക.
ബിഷപ്പിനെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ അരമനകളില്‍ കയറിയിറങ്ങുന്ന സജി ചെറിയാന്‍ നടത്തിയ പ്രസ്താവന കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നിയത് ‘എന്തു പ്രഹസനമാണ് സജീ?’ എന്നാണ്. അധിക്ഷേപിക്കുന്നവര്‍ക്കു സര്‍ക്കാരില്‍ അംഗീകാരം കിട്ടുമെന്നു വി.എന്‍.വാസവനു പുതിയ വകുപ്പു കിട്ടിയപ്പോള്‍ സജി ചെറിയാനു തോന്നിക്കാണും. പഴയകാലത്തെ ‘ആര്‍ഷോ’യാണ് സജി. ഭരണഘടനയെ അധിക്ഷേപിച്ചതിനു മാറിനില്‍ക്കേണ്ടിവന്ന ചരിത്രമാണ് സജിക്കുള്ളത്. കെസിബിസി കൃത്യമായ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തുന്ന മൗനമാണ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആക്രമണം നടക്കുന്നത്. ഇതൊക്കെ കണ്ട് ഗവര്‍ണറുടെ നിലപാടില്‍ മാറ്റം വരുമെന്നാണു സിപിഎം കരുതുന്നതെങ്കില്‍ അവര്‍ക്ക് അദ്ദേഹത്തെ ഇനിയും മനസ്സിലായിട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ റെയില്‍വേ മുന്‍പുതന്നെ നിലപാട് വ്യക്തമാക്കിയതാണ്. ജനങ്ങളെ കുടിയൊഴിപ്പിച്ചുള്ള ഒരു പദ്ധതിക്കും കേന്ദ്രം തയാറല്ല. അതിവേഗ യാത്രയ്ക്കു വന്ദേഭാരത് അനുവദിച്ചിട്ടുണ്ട്. കെ.മുരളീധരന്‍ ഇന്നു പറയുന്നതല്ല നാളെ പറയുക. മുന്‍പ് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെകുറിച്ചു പറഞ്ഞതൊക്കെ അദ്ദേഹം മാറ്റിപറഞ്ഞിട്ടുണ്ട് വി.മുരളീധരന്‍ പറഞ്ഞു.






