KeralaNEWS

നരേന്ദ്രമോദി ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി : മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ക്രിസ്മസിനോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷൻമാരെ വിമര്‍ശിച്ച്‌ മന്ത്രി സജി ചെറിയാൻ.

ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോള്‍ ബിഷപ്പുമാര്‍ മണിപ്പൂരിനെ മറന്നെന്നും മന്ത്രി ആരോപിച്ചു. പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

Signature-ad

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. മുംബൈ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്പ് അനില്‍ കൂട്ടോ, സീറോ മലബാര്‍ സഭാ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉള്‍പ്പെടെ 60 പേരാണ് വിരുന്നില്‍ പങ്കെടുത്തത്.

അതേസമയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ ആഞ്ഞടിച്ച്‌ കെസിബിസി.ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ സംസ്‌കാര സമ്ബന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി പറഞ്ഞു.

സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല. പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും അതില്‍ രാഷ്‌ട്രീയം കാണരുതെന്നും തന്റെ പ്രതികരണത്തില്‍ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാല്‍ മന്ത്രി തിരുത്തട്ടെയെന്നും ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി കൂട്ടിച്ചേര്‍ത്തു.

Back to top button
error: