KeralaNEWS

കാട്ടുപന്നിക്ക് പിന്നാലെ കാട്ടുകോഴിയും; ദുരിതത്തിലായി കോട്ടയത്തെ കർഷകർ

കോട്ടയം: കുറുക്കൻ, കുരങ്ങ്, മയില്‍,കാട്ടുപന്നി, മരപ്പട്ടി എന്നിവയ്ക്ക് പിന്നാലെ കര്‍ഷകരുടെ ഉറക്കം കെടുത്തി കാട്ടുകോഴികളും.

ഏതാനും വര്‍ഷങ്ങളായി അപ്രത്യക്ഷമായിരുന്ന കാട്ടുകോഴികള്‍ അടുത്തിടെയാണ് വീണ്ടും കണ്ടു തുടങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു. മനുഷ്യരെ കണ്ടാല്‍ വളരെ വേഗം അപ്രത്യക്ഷമാകുന്ന കാട്ടുകോഴികള്‍ കൃഷിയിടങ്ങളിലുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.

ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും കാട്ടുകോഴി ശല്യം രൂക്ഷമാണ്. ശല്യം രൂക്ഷമായതോടെ കപ്പ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായത്. ശീതകാല കൃഷിയുടെ ഭാഗമായി നട്ട പച്ചക്കറികളുടെ ഇലകള്‍ ഇവ വ്യാപകമായി തിന്നൊടുക്കുകയാണ്. കപ്പയുടെ ചുവടു മാന്തി കിഴങ്ങ് ഭക്ഷിക്കുന്നതും കര്‍ഷരെ ബുദ്ധിമുട്ടിലാക്കുന്നു.

Signature-ad

പാമ്ബാടി, നെടുങ്ങോട്ടുമല, എരുമേലി എന്നിവിടങ്ങളിലാണ് കാട്ടുകോഴികളുടെ ശല്യം കൂടുതൽ .കൂട്ടമായെത്തി കാര്‍ഷിക വിളകളെല്ലാം  നശിപ്പിക്കുകയാണ് ഇവറ്റകൾ. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതോടെ പലരും ഇപ്പോള്‍ കൃഷി ചെയ്യാതെയായി. നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം രൂക്ഷം. സ്ഥലം ഉണ്ടെങ്കിലും പലര്‍ക്കും ഇപ്പോള്‍ കൃഷിയിറക്കാൻ ഭയമാണ്.

 രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയാണ് പതിവ്. റബര്‍തൈകള്‍, കപ്പ, വാഴ തുടങ്ങി യാതൊരു വിളകളും നട്ടുവളര്‍ത്താൻ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കങ്ങഴയിലെ കര്‍ഷകന്റെ 50 മൂട് ഏത്തവാഴയും 60 മൂട് കപ്പയും നശിച്ചു. കുളമക്കാട് വലിയവീട്ടില്‍ അനി വി.തോമസിന്റെ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. രണ്ടുമാസം പ്രായമായതാണ് വാഴയും കപ്പയും. പലപ്പോഴായി കാട്ടുപന്നികളുടെ ആക്രമണം ഉണ്ടായെങ്കിലും ആദ്യമായാണ് പൂര്‍ണമായി നശിപ്പിച്ചതെന്ന് അനി പറയുന്നു.

Back to top button
error: