കൊച്ചി: പുതുവത്സരാഘോഷത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ സംഘാടകര്‍ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതില്‍ തര്‍ക്കം തുടരുകയാണ്. വെളി ഗ്രൗണ്ടില്‍ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്. ഇന്നലെ സംഘാടകര്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.
പൊലീസുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സബ് കലക്ടര്‍ സംഘാടകര്‍ക്ക് നല്കിയ ഉറപ്പ്. എന്നാല്‍ പരേഡ് ഗ്രൗണ്ടിന് പുറമേ മറ്റ് ഇടങ്ങളില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശനം ഉണ്ടാക്കുമെന്ന നിലപാടിലാണ് പൊലീസ്. വൈകിട്ട് നാലു മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചു.