CrimeNEWS

പ്രതിക്കെതിരേ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു; വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹനെ ജീവപര്യന്തം ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് പബ്ലിക്ക് പ്യോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും

കൊച്ചി: വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹനെ ജീവപര്യന്തം ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് പബ്ലിക്ക് പ്യോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും രംഗത്ത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ചൂണ്ടികാട്ടിയ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എ ബിന്ദു, വിധിയിൽ സന്തോഷമെന്നാണ് പ്രതികരിച്ചത്. പ്രതിക്കെതിരെ എല്ലാ വകുപ്പുകളും തെളിഞ്ഞെന്നും അവർ വിവരിച്ചു. കൊലപാതകം ഒഴികെ ഉള്ള വകുപ്പുകളിൽ ലഭിച്ച 28 വർഷം തടവ് ശിക്ഷയിൽ 10 വർഷം അനുഭവിച്ചാൽ മതിയാകും. അതിന് ശേഷം കൊലകുറ്റത്തിനുള്ള ജീവപര്യന്തം ശിക്ഷ തുടങ്ങുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. വൈഗ കൊലക്കേസ് അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥനായ കെ ധനപാലനും വിധിയിൽ സന്തോഷമെന്നാണ് പ്രതികരിച്ചത്. സനുമോഹന്‍റെ ക്രൂരതയുടെ എല്ലാ തെളിവുകളും കൃത്യമായി കണ്ടെത്താൻ പൊലീസിന് സാധിച്ചെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവുമാണ് സനുമോഹന് കോടതി ശിക്ഷ വിധിച്ചത്. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്.

Signature-ad

2021 മാര്‍ച്ച് 21 നാണ് പതിമൂന്ന് വയസ് പ്രായമായ മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം സനുമോഹൻ പുഴയിലെറിഞ്ഞ് കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷം കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. രണ്ട് വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് ഇന്ന് വിധി വന്നത്.

Back to top button
error: