പറ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ താന്‍ അതൃപ്തനാണെന്ന വാര്‍ത്തകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. തീരുമാനത്തില്‍ ജെഡിയു അധ്യക്ഷന്‍ കൂടിയായ നിതീഷ് അതൃപ്തനാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്.
ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ പ്രവര്‍ത്തിച്ച നേതാവാണ് നിതീഷ് കുമാര്‍. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത സഖ്യ യോഗത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയെന്ന് പറഞ്ഞുകൊണ്ടാണ് ജെഡിയു നേതാവ് നേതൃസ്ഥാനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളിയത്. ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ തനിക്ക് നിരാശയോ നീരസമോയില്ലെന്ന് നിതീഷ് പറഞ്ഞു.
പറ്റനയില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് നിതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘എനിക്ക് നിരാശയൊന്നും തോന്നിയില്ല. നീരസവുമില്ല’ അദ്ദേഹം പറഞ്ഞു. ‘യോഗത്തില്‍ നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ച വന്നു. എനിക്ക് താല്‍പ്പര്യമില്ലെന്ന് ആദ്യംതന്നെ വ്യക്തമാക്കി. ഇതോടെ മറ്റൊരു പേര് മുന്നോട്ടുവെച്ചു. അത് എനിക്കും ഓക്കെയാണെന്ന് പറഞ്ഞു.’ നിതീഷ് വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമതയുമായിരുന്നു ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത്.
സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് താന്‍ മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നെന്നും നിതീഷ് പറഞ്ഞു. ഇത് നേരത്തെ നടന്ന യോഗങ്ങളിലും ആവശ്യപ്പെട്ടിരുന്നു. ശരിയായ സമയത്ത് സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസമെന്നും നിതീഷ് പറഞ്ഞു.
ഇന്ത്യ മുന്നണി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത നേതാവാണ് നിതീഷ് കുമാര്‍. നിതീഷാണു മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാവേണ്ടതെന്ന് ജെഡിയു നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. മമതയും കെജ്രിവാളും ഖാര്‍ഗെയുടെ പേര് ഉയര്‍ത്തിയത് നിതീഷിനെ ഒഴിവാക്കാനാണെന്നും ഇത് അതൃപ്തിക്കിടയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.