KeralaNEWS

ശുചിമുറി സൗകര്യം പോലുമില്ലാതെ വഴിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍; മുണ്ടക്കയത്ത് റോഡ് ഉപരോധിച്ച് ശബരിമല തീര്‍ത്ഥാടകര്‍

കോട്ടയം: ശബരിമലയിലെ വന്‍ തിരക്കിനേത്തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധവുമായി അയ്യപ്പ ഭക്തര്‍. അതിന്റെ ഭാഗമായി എരുമേലി മുണ്ടക്കയം പാത ഉപരോധിച്ചു. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് പ്രതിഷേധവുമായി എത്തിയത്. മുണ്ടക്കയം പുത്തന്‍ ചന്തയില്‍ ആയിരുന്നു തീര്‍ത്ഥാടകരുടെ പ്രതിഷേധം. വാഹനങ്ങള്‍ തടഞ്ഞുവച്ചതോടെ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.

സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങള്‍ ഇറങ്ങുന്നതിനനുസരിച്ചു മാത്രം ഇടത്താവളങ്ങളില്‍നിന്ന് വാഹനങ്ങള്‍ കടത്തിവിട്ടാല്‍മതി എന്ന നിലപാടിലാണ് പോലീസ്. ഇതോടെ മുണ്ടക്കയം പുത്തന്‍ ചന്തയില്‍ എരുമേലി പാതയില്‍ പോലീസ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തടഞ്ഞിട്ടു.

Signature-ad

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ ഉന്നയിച്ചത്. തങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ പോലും ലഭിക്കുന്നില്ലെന്നും. ശുചിമുറി സൗകര്യം പോലും ലഭിക്കുന്നില്ലെന്നും

പാലാ മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടുണ്ട്. പാലാ – പൊന്‍കുന്നം പാതയില്‍ 12-ാം മൈല്‍ മുതല്‍ പൂവരണി വരേയുള്ള ഭാഗത്തും ഇളംങ്കുളം മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്തുമാണ് വാഹനങ്ങള്‍ പിടിച്ചിട്ടിട്ടുള്ളത്. ഇതുകാരണം, വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഒരുവശത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ കുറച്ച് വണ്ടികളെ കയറ്റിവിട്ടിട്ടുണ്ട്.

പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി ക്ഷേത്രത്തിന് സമീപമാണ് വാഹനങ്ങള്‍ തടഞ്ഞിരിക്കുന്നത്. തുടര്‍ന്ന് വാഹനങ്ങള്‍ പാലാ വരെ കുടുങ്ങിക്കിടക്കുകയായിരുന്നു. മറ്റൊരു ഇടത്താവളമായ കൂരാലി ക്ഷേത്രത്തിന് സമീപവും വാഹനങ്ങള്‍ തടഞ്ഞു. ക്രിസ്മസ് ദിനമായതിനാല്‍ കടകള്‍ തുറക്കാത്തതും തിരിച്ചടിയായിട്ടുണ്ട്.

ഇതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധവുമായി തീര്‍ത്ഥാടകര്‍ എത്തിയത്. ഉപരോധം നീണ്ടതോടെ മുണ്ടക്കയം ടൗണ്‍ ഉള്‍പ്പെടെ ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. തുടര്‍ന്ന് പോലീസുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ തീര്‍ത്ഥാടകര്‍ ഉപരോധത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് ഭാഗികമായി വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി.

 

Back to top button
error: