മുന്നണി ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാര്‍ ഡിസംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ ഇ പി ജയരാജൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് രണ്ടു ഘടകകക്ഷി നേതാക്കളായ കെ ബി ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും മന്ത്രിമാരാകും. ഡിസംബര്‍ 29 ന് വൈകീട്ടാണ് സത്യപ്രതിജ്ഞ.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും. വകുപ്പ് തീരുമാനിക്കുന്നത് ഇടതുമുന്നണിയല്ല, മുഖ്യമന്ത്രിയാണ്. മുന്നണിയിലെ കക്ഷികള്‍ക്ക് അവസരം നല്‍കുക എന്നത് മന്ത്രിസഭാ രൂപീകരണ വേളയില്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ നിലവിലെ രണ്ടു മന്ത്രിമാര്‍ രാജിവെച്ചത്. മറ്റു മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റം സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
ഇടതു മുന്നണി യോഗം മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് തീരുമാനമെടുത്തപ്പോഴും ജെഡിഎസും കോവൂരും വളപ്പിന് പുറത്തുതന്നെ.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ട് പേർക്ക് രണ്ടര വർഷവും,മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്.
ഇതനുസരിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവർ കോവിലും രാജിവച്ചത്. പകരം ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. മുന്‍ ധാരണ പ്രകാരമാണെങ്കില്‍ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരിന്നു. എന്നാല്‍ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനസംഘടന നീണ്ടു പോയത്. നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്.
ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും, അഹമ്മദ് ദേവർ കോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിക്കാനാണ് സാധ്യത. ഇരുവരും ഇതേ വകുപ്പുകള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്. തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആർജെഡി നല്കിയ കത്ത് യോഗം പരിഗണിച്ചതായി ഇടത് മുന്നി കണ്‍വീനര്‍ വെളിപ്പെടുത്തിയിട്ടില്ല.
കോവൂര്‍ കുഞ്ഞുമോന്റെ കത്തും മുന്നണി മുമ്പാകെ വന്നിരുന്നു. പക്ഷേ ഈ കാര്യം ചര്‍ച്ച ചെയ്തോ എന്ന് വ്യക്തമായിട്ടില്ല. ഒരിക്കല്‍, ഏറ്റവും പാരമ്പര്യമുള്ളവരുടെ കൂട്ടത്തില്‍ താനും കോവൂരുമുണ്ടെന്ന് ഗണേശ് കുമാർ പറഞ്ഞിരുന്നു. ഒരുപാട് വിമർശനങ്ങള്‍ ഉണ്ടായിട്ടും ഗണേശന് കസേരകിട്ടി. പക്ഷേ കുന്നത്തൂരിലെ നവകേരളസദസിലെ ആദ്യ പരാതിയായിട്ടും കോവൂരിന് ആശ്വാസ വാക്കുപോലും ഇല്ല.