സംസ്ഥാനത്ത് ത്രികോണമത്സരം ഉറപ്പുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കോൺഗ്രസിന്റെ സംരക്ഷിത കോട്ട പൊളിച്ച് മണ്ഡലം ചുവപ്പിച്ച തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് ആണ് നിലവിലെ എം എൽ എ . പ്രശാന്ത് തന്നെയാകും വട്ടിയൂർക്കാവിലെ സിപിഐഎം സ്ഥാനാർഥി. യുവാക്കളെ ആകർഷിക്കാനായി സൈക്കിൾ റാലി അടക്കമുള്ള പ്രചരണ തന്ത്രങ്ങൾ പ്രശാന്ത് ആരംഭിച്ചുകഴിഞ്ഞു.
വട്ടിയൂർക്കാവിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ള ബിജെപിയും ഒരു ശക്തനെ തന്നെ ആയിരിക്കും രംഗത്തിറക്കുക. കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വട്ടിയൂർക്കാവിൽ ആരു മത്സരിക്കും എന്നുള്ള ചർച്ച ബിജെപിയിൽ പുരോഗമിക്കുകയാണ്.
2016 ൽ വട്ടിയൂർകാവിൽ മത്സരിച്ച് ജയിച്ചത് കെ മുരളീധരൻ ആണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മുരളീധരൻ എംഎൽഎ സ്ഥാനം രാജി വച്ചു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ മുരളീധരൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാൻഡ് അനുവദിച്ചില്ല. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് ഇവിടെ പുതിയ സ്ഥാനാർത്ഥിയെ തേടുകയാണ്.
യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്നു വട്ടിയൂർകാവ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ വികെ പ്രശാന്ത് ഇവിടെ ജയിച്ചത് പതിനാലായിരത്തിലേറെ വോട്ടുകൾക്കാണ്. മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരനെ രംഗത്തിറക്കി കളം പിടിക്കാൻ ആകുമോ എന്നാണ് കോൺഗ്രസ് നോക്കുന്നത്. എന്നാൽ സുധീരൻ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ പേര് ഇവിടെ പറഞ്ഞു കേൾക്കുന്നു. എന്നാൽ തന്നോട് ആരും ഇക്കാര്യം പറഞ്ഞിട്ടില്ല എന്നാണ് ജിജി തോംസൺ പറയുന്നത്. മത്സരിക്കാൻ ഇറങ്ങുമോ എന്ന കാര്യത്തിൽ ജിജി തോംസണും വ്യക്തത നൽകിയിട്ടില്ല.